മസ്കത്ത്: ബുറൈമി ഗവർണറേറ്റിന്റെ സമഗ്രമായ വികസനത്തിനായി 60.2 ലക്ഷത്തിലധികം ഒമാനി റിയാലിന്റെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഗവർണറേറ്റിന്റെ 2026-ലെ വികസന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് വിവിധ തന്ത്രപ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബുറൈമി, മഹ്ദ, സുനൈന എന്നീ വിലായത്തുകളിലായി പരന്നുകിടക്കുന്നതാണ് ഈ പദ്ധതികൾ. ഗവർണറേറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, പൊതുജന സേവന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക, പ്രാദേശിക നിക്ഷേപ അവസരങ്ങളെ പിന്തുണക്കുക എന്നിവയാണ് ഈ വൻ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളുടെ മോടി കൂട്ടുന്നതിനൊപ്പം സ്വദേശികൾക്കും സന്ദർശകർക്കും ഒരുപോലെ ഉയർന്ന നിലവാരമുള്ള ജീവിതസാഹചര്യങ്ങൾ ഒരുക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
18 ലക്ഷം റിയാൽ ചെലവിൽ കൃത്രിമ തടാക വികസനം രണ്ടാം ഘട്ട പദ്ധതി നടപ്പാക്കും. കുടുംബങ്ങൾക്കായുള്ള ഒരു സംയോജിത വിനോദസഞ്ചാര-വിനോദ കേന്ദ്രമായി ഇതിനെ മാറ്റും. പുതിയ റോഡുകൾ, വിപുലമായ പാർക്കിങ് സൗകര്യം, തടാകത്തോടുകൂടിയ ഉദ്യാനം, ജലധാരകൾ, നടപ്പാതകൾ, തണൽ കൂടാരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നിർമിക്കും. ബുറൈമി ഒയാസിസ് വികസനം രണ്ടാം ഘട്ടത്തിനായി മൂന്നു ലക്ഷം റിയാൽ ചെലവഴിക്കും. ഈ പദ്ധതിയിലൂടെ ചരിത്രപ്രസിദ്ധമായ ഒയാസിസ് പരിസരം നവീകരിക്കും. മുനിസിപ്പൽ മാർക്കറ്റിന്റെ പുനരുദ്ധാരണം, ദിശാസൂചക ബോർഡുകൾ സ്ഥാപിക്കൽ, പാലത്തിന് മുകളിൽ മേൽക്കൂര നിർമിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കിയോസ്ക് സൈറ്റ് പ്രൊജക്ട് രണ്ടാം ഘട്ടത്തിനായി ഒരു ലക്ഷം റിയാൽ വകയിരുത്തി. ചെറുകിട വാണിജ്യ പ്രവർത്തനങ്ങൾ കൂടുതൽ ആകർഷകവും കാര്യക്ഷമവുമായ അന്തരീക്ഷത്തിലേക്ക് മാറ്റുകയാണ് പദ്ധതി ലക്ഷ്യം. ഡിജിറ്റൽ സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന വൺ സ്റ്റോപ്പ് പ്രൊജക്ട് നടപ്പാക്കും. ബുറൈമി മുനിസിപ്പാലിറ്റി കെട്ടിടത്തിലെ നിലവിലുള്ള ‘ഇൻജാസ് ഹാൾ 80,000 റിയാൽ ചെലവിൽ അത്യാധുനിക ഡിജിറ്റൽ കേന്ദ്രമാക്കി മാറ്റും. മുനിസിപ്പാലിറ്റികളുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണിത്.
ഗവർണറേറ്റിലെ വ്യാവസായിക മേഖലകളിലെ റോഡ് ടാറിങ്ങിനായി 10 ലക്ഷം റിയാലും വാണിജ്യ മേഖലകളിലെ റോഡ് വികസനത്തിനായി മറ്റൊരു 10 ലക്ഷം റിയാലും അനുവദിച്ചു. മഹ്ദ വിലായത്തിന്റെ പ്രവേശന കവാടം നവീകരിക്കുന്നതിനും ഹരിതവൽകരണത്തിനുമായി ഒരു ലക്ഷം റിയാൽ ചെലവഴിക്കും. പ്രാദേശിക വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി നാലു ലക്ഷം റിയാൽ ചെലവിൽ ഒരു പരമ്പരാഗത മാർക്കറ്റും വിന്റർ ക്യാമ്പ് ഏരിയയും സ്ഥാപിക്കും. ഊർജ്ജ കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി മഹ്ദ ടൗൺ സെന്ററിലും അൽ റൗദ ഡിസ്ട്രിക്ടിലും എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 1.10 ലക്ഷം റിയാൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, വാദി അൽ ഹയൂൽ ഗ്രാമത്തിൽ കുട്ടികൾക്കായി 1.20 ലക്ഷം റിയാൽ ചെലവിൽ പുതിയ കളിസ്ഥലവും നിർമ്മിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സുനൈനയിൽ 11,718 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1.20 ലക്ഷം റിയാൽ ചെലവഴിച്ച് ഒരു സ്പോർട്സ് വാക്ക് വേ സ്ഥാപിക്കും. ഇവിടെ തണലുള്ള ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ലാൻഡ്സ്കേപ്പിംഗ് എന്നിവയുണ്ടാകും.
വിലായത്തിന്റെ പ്രവേശന കവാടവും സുനൈന പാർക്കും 80,000 റിയാൽ ചെലവിൽ നവീകരിക്കും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കാർഷിക പദ്ധതികൾക്കായുള്ള ഗതാഗതം സുഗമമാക്കാൻ 6.30 ലക്ഷം റിയാൽ ചെലവിൽ പുതിയ റോഡുകൾ നിർമ്മിക്കുന്നതാണ് ഈ വിലായത്തിലെ ഏറ്റവും വലിയ പദ്ധതി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 40,000 റിയാലും പൈതൃക തനിമയുള്ള പുരാതന ഗ്രാമമായ ‘ഓൾഡ് സാറ’ നവീകരിക്കുന്നതുൾപ്പെടെയുള്ള ഭാവി വികസന പദ്ധതികളുടെ കൺസൾട്ടൻസി പഠനങ്ങൾക്കായി 40,000 റിയാലും ഈ പാക്കേജിന്റെ ഭാഗമായി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.