ജബൽ അഖ്ദർ ഫെസ്റ്റിവൽ ജൂലൈ 15 മുതൽ

മസ്കത്ത്: ഒമാനിലെ പ്രശസ്തമായ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ ഈ വർഷത്തെ വിനോദസഞ്ചാര മേള ജൂലൈ 15 ന് ആരംഭിക്കുമെന്ന് ദാഖിലിയ ഗവർണറേറ്റ് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 29 വരെ നീളുന്ന 45 ദിവസത്തെ വിപുലമായ പരിപാടികളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. മേളക്കഎ മുന്നോടിയായി ഗവർണറേറ്റിലെ സർക്കാർ-സ്വകാര്യ പങ്കാളികളുടെയും തന്ത്രപ്രധാന പങ്കാളികളുടെയും സാന്നിധ്യത്തിൽ ഒരുക്കങ്ങൾ വിലയിരുത്തുന്ന പ്രാരംഭ യോഗം ചേർന്നു. മേളയിലെ വിവിധ പരിപാടികൾ നടപ്പാക്കുന്നതിനുള്ള കമ്പനികളുമായി കരാറുകളിൽ ഒപ്പുവെച്ചു.

ഇത്തവണത്തെ ഫെസ്റ്റിവലിനോടനുബന്ധിച്ച് അൽ ജബൽ അൽ അഖ്ദർ പാർക്ക് ഉൾപ്പെ​ടെയുള്ള ജബൽ അഖ്ദറിലെ പുതിയ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. വർധിച്ചുവരുന്ന വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ പുതിയ പദ്ധതികൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ വൈവിധ്യമാർന്ന വിനോദ-സാംസ്കാരിക മേഖലകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക മേഖലകൾ. യുവാക്കൾക്കായി വിർച്വൽ റിയാലിറ്റി ഗെയിമുകളും ഡിജിറ്റൽ ചലഞ്ചുകളും, കുട്ടികൾക്കായുള്ള കൂറ്റൻ ഇൻഫ്ലേറ്റബിൾ ഗെയിമുകൾ, നിയോൺ ഒയാസിസ്, ത്രിഡി ഹോളോഗ്രാഫിക് പ്രദർശനങ്ങൾ എന്നിവ ഇതാദ്യമായി അവതരിപ്പിക്കുന്നു.

45 ദിവസവും നീണ്ടുനിൽക്കുന്ന നാടകങ്ങൾ, കാർണിവലുകൾ, മാന്ത്രിക പ്രകടനങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ ഷോകൾ എന്നിവ അരങ്ങേറും. മൗണ്ടൻ ബസാർ, ടേസ്റ്റ് പാഷൻ സോൺ എന്നിവ സംരംഭകർക്കായി ഒരുക്കും.

ചെറുകിട-ഇടത്തരം സംരംഭകർ, സ്വയം ​സംരംഭകരായ കുടുംബങ്ങൾ, പ്രാദേശിക കർഷകർ, റസ്റ്ററന്റുകൾ എന്നിവരുൾപ്പെടെ 85-ലധികം സ്റ്റാളുകൾ ഇവിടെയുണ്ടാകും. ഇത് ഒമാനി ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

ജബൽ അഖ്ദർ ഫെസ്റ്റിവൽ ഗവർണറേറ്റിലെ സാമ്പത്തിക-ടൂറിസം മേഖലക്ക് വലിയ ഉണർവ് നൽകുന്ന വികസന സംരംഭമാണെന്ന് അൽ ദാഖിലിയ ആക്ടിങ് ഗവർണർ ശൈഖ് മഹ്മൂദ് റാഷിദ് അൽ സാദി പറഞ്ഞു. ‘ഒമാൻ വിഷൻ 2040’ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് പ്രാദേശിക വികസനവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ ഈ മേളയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jabal Akhdar Festival from July 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.