സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി

ആഗോള റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി

മസ്കത്ത്: ഒമാനിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് (എസ്.ക്യൂ.യു) ആഗോളതലത്തിൽ വൻ നേട്ടം. പ്രശസ്തമായ ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 28 സ്ഥാനങ്ങൾ മുന്നോട്ട് കയറി എസ്.ക്യു.യു ലോകതലത്തിൽ 306-ആം സ്ഥാനം സ്വന്തമാക്കി. 'ഒമാൻ വിഷൻ 2040' ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ലോകത്തെ മികച്ച 300 സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിക്കുക എന്ന ലക്ഷ്യത്തിനരികെയാണ് സർവകലാശാല. യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റികൾ, ഗവേഷകർ, വിദ്യാർഥികൾ, പങ്കാളികൾ എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഹിസ് ഹൈനസ് സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലാന്ദ അൽ സെയ്ദ് പറഞ്ഞു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലക്ക് നൽകി വരുന്ന നിരന്തരമായ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്നും, ഇത് വിജ്ഞാന-നവീകരണ രംഗത്ത് ഒമാന്റെ ആഗോള മത്സരക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ 106 രാജ്യങ്ങളിൽ നിന്നുള്ള 8,808 സർവകലാശാലകളെയാണ് ഇത്തവണ ക്യു.എസ് റാങ്കിങ്ങിനായി വിലയിരുത്തിയത്. ഇതിൽ 1,504 സ്ഥാപനങ്ങൾ മാത്രമാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. അക്കാദമിക് മികവ്, തൊഴിൽദാതാക്കളുടെ വിലയിരുത്തൽ, ഗവേഷണ പ്രബന്ധങ്ങളുടെ ഉദ്ധരണികൾ, അധ്യാപക-വിദ്യാർഥി അനുപാതം, അന്താരാഷ്ട്ര ഗവേഷണ കൂട്ടായ്മകൾ, ബിരുദധാരികളുടെ തൊഴിൽ സാധ്യതകൾ, സുസ്ഥിരത എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്ക് അനുസൃതമായി കോഴ്സുകൾ പരിഷ്കരിച്ചതും, പൊതു-സ്വകാര്യ മേഖലകളിലെ കമ്പനികളുമായി സഹകരണം ശക്തമാക്കിയതും വഴി തൊഴിൽദാതാക്കളുടെ ഇടയിൽ യൂണിവേഴ്സിറ്റിയുടെ മൂല്യം ഇത്തവണ ഗണ്യമായി ഉയർന്നു. റോയൽ ഒമാൻ പോലീസിന്റെ നാഷണൽ റെക്കോർഡ്സ് സെന്ററുമായി സഹകരിച്ച് ബിരുദധാരികളുടെ തൊഴിൽ വിവരങ്ങൾ കൃത്യമായി ക്രോഡീകരിച്ചതും, ആഗോള റാങ്കിങ്ങുമായി ബന്ധപ്പെട്ട തന്ത്രപ്രധാന പദ്ധതികൾക്ക് ഒമാൻ സാമ്പത്തിക മന്ത്രാലയം നൽകിയ പിന്തുണയും ഈ നേട്ടത്തിന് ആക്കം കൂട്ടി. കൂടാതെ, ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിച്ചതും അന്താരാഷ്ട്ര കോൺഫറൻസുകളിലെ പങ്കാളിത്തവും വഴി എസ്.ക്യു.യുവിന്റെ ഗവേഷണങ്ങളുടെ നിലവാരവും ആഗോള തലത്തിലുള്ള സ്വാധീനവും വർധിച്ചതായും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Sultan Qaboos University makes a major leap in global rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.