മസ്കത്ത്: ഒമാനിൽ കാണപ്പെടുന്ന ഉൽക്കാശിലകളുടെ ശേഖരണം, വേർതിരിക്കൽ, സംരക്ഷണം, പഠനം എന്നിവക്കായി പുതിയ ശാസ്ത്രീയ സംവിധാനം നിലവിൽ വന്നു. സ്വിറ്റ്സർലൻഡിലെ ബേണിലുള്ള നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിെൻറ സഹകരണത്തോടെ ഇതിനായി പ്രത്യേക ശാസ്ത്രീയ സംഘം രൂപവത്കരിച്ചതായി ഖനന പൊതു അതോറിറ്റി റിസർച് ആൻഡ് ജിയോളജിക്കൽ സർവേസ് ഡയറക്ടർ ജനറൽ ഡോ. അലി ബിൻ സാലിം അൽ റാജ്ഹി അറിയിച്ചു. നിലവിൽ രാജ്യത്തെ മരുഭൂമികളിൽനിന്നും പർവതപ്രേദശങ്ങളിൽനിന്നും ലഭിച്ച ഉൽക്കാശിലകളും സംഘം പഠന വിധേയമാക്കും.
സൗരയൂഥത്തിെൻറ ഉദ്ഭവം അടക്കമുള്ള സുപ്രധാന വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നതാകാം ഇത്തരം ഉൽക്കാശിലകൾ. ഭൂമി രൂപംകൊള്ളുന്നതിന് മുമ്പ് സൗരയൂഥത്തിൽ നടന്ന വിവിധതരം പ്രവർത്തനങ്ങളെ കുറിച്ചും ഇവ പഠനവിധേയമാക്കുന്നതിലൂടെ അറിവ് ലഭിക്കാം. ഭൂമിയിലെ ജീവെൻറ ഉദ്ഭവം അടക്കം വിഷയങ്ങളെ കുറിച്ച പഠനത്തിനും ഇത്തരം ഉൽക്കാശിലകൾ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷയെന്നും ഡോ. അലി ബിൻ സാലിം പറഞ്ഞു.
ലോകത്ത് ഇന്നേവരെ കണ്ടെത്തിയ ഉൽക്കാശിലകളിൽ 14 ശതമാനത്തിൽ അധികവും ഒമാനിൽ നിന്നാണ് കണ്ടെത്തിയതെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ഉൽക്കാശിലകളുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനത്തിൽ മറ്റേതൊരു രാഷ്ട്രത്തേക്കാളും സുൽത്താനേറ്റ് മുന്നിലുമാണ്. രാജ്യത്തെ മരുഭൂമികളിലും മലമ്പ്രദേശങ്ങളിലും ആയിരക്കണക്കിന് ഉൽക്കാശിലകൾ ഉണ്ടാകാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇൗ വർഷം ഇതുവരെ 53 കിലോഗ്രാം ഭാരമുള്ള 352 ശിലകൾ വിവിധയിടങ്ങളിൽ നിന്ന് കണ്ടെടുത്തു.
ഇതോടെ, മൊത്തം എണ്ണം 6558 ആയി ഉയർന്നു. 4775 കിലോഗ്രാം ആണ് ഇതിെൻറ ഭാരമെന്നും ഡോ. അലി ബിൻ സാലിം പറഞ്ഞു. ഇതിൽ 70 എണ്ണം ചന്ദ്രനിൽനിന്നുള്ളവയാണ്. വിലമതിക്കാൻ കഴിയാത്ത 17 എണ്ണമാകെട്ട ചൊവ്വയിൽനിന്നുമുള്ളതാണ്. രാജ്യത്ത് കണ്ടെത്തിയ ഏറ്റവും വലിയ ഉൽക്കാശിലയുടെ ഭാരം 200 കിലോഗ്രാം ആണ്. ഛിന്നഗ്രഹമോ വാൽനക്ഷത്രമോ ഉൽക്കയോ ചന്ദ്രനിലോ ചൊവ്വയിലോ പതിക്കുന്നതിെൻറ ആഘാതത്തിൽ സൗരയൂഥത്തിെൻറ ഭ്രമണപഥത്തിൽ എത്തുന്ന ഇൗ ശിലകൾ ഗുരുത്വാകർഷണ ബലം നിമിത്തം ഭൂമിയിലേക്ക് ആകർഷിക്കപ്പെടുകയാണ് ചെയ്യുക. ചൊവ്വക്കും വ്യാഴത്തിനുമിടയിലെ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിൽനിന്ന് വേർപെട്ടവയാണ് രാജ്യത്തുനിന്ന് ലഭിച്ച ഉൽക്കാശിലകളിൽ ഭൂരിപക്ഷവും. കൂട്ടത്തിൽ നിന്ന് വേർപെട്ട ശേഷം സൂര്യനെ വലംവെക്കുന്നതിനിടെ ഭൂമിയുമായി ഇവ കൂട്ടിയിടിക്കുകയായിരുന്നെന്ന് ഡോ. അലി ബിൻ സാലിം പറഞ്ഞു.
അനധികൃത വ്യാപാരങ്ങൾ ഏറെ നടക്കുന്നതിനാൽ ഉൽക്കാശിലകൾ കൈവശം വെക്കുന്നതിന് വ്യവസായ, വാണിജ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുപോകുന്നവരെയും കർശന പരിശോധനക്ക് വിധേയമാക്കും.
സാധാരണ ഉൽക്കാശിലക്ക് ഒരു ഗ്രാമിന് 769 ബൈസ എന്ന നിരക്കിലാണ് ലഭിക്കുക. എന്നാൽ, ഇത് ചന്ദ്രനിൽനിന്നോ ചൊവ്വയിൽനിന്നോ ഉള്ളതാണെങ്കിൽ ഗ്രാമിെൻറ വില 770 റിയാൽ മുതൽ 3849 റിയാൽ വരെ ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.