നീറ്റ് പരീക്ഷ നടന്ന ഇന്ത്യൻ സ്കൂൾ മസ്കത്തിൽനിന്നുള്ള ദൃശ്യങ്ങൾ 

നീറ്റ് പരീക്ഷയെഴുതി ഒമാനിലെ വിദ്യാർഥികൾ




 


മസ്കത്ത്: ഇന്ത്യയിലെ മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ ‘നീറ്റ്’ ഒമാനിലും വിജയകരമായി പൂർത്തിയായി. മസ്കത്തിലെ ഇന്ത്യൻ സ്കൂളാണ് ഇത്തവണയും പരീക്ഷാ കേന്ദ്രമായി സജ്ജീകരിച്ചിരുന്നത്. ഉച്ചക്ക് 12.30 മുതൽ 3.50 വരെ നടന്ന പരീക്ഷയിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ ഭാവിപ്രതീക്ഷയോടെ പങ്കെടുത്തു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് പരീക്ഷ നടന്നത്.

കൃത്യമായ പരിശോധനകൾക്ക് ശേഷമായിരുന്നു വിദ്യാർഥികളെ ഹാളിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഓഫ്‌ലൈൻ രീതിയിൽ നടന്ന പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെയും വിദേശത്തെയും 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാർഥികൾ ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. വരും ദിവസങ്ങളിൽ പരീക്ഷയുടെ ഉത്തരസൂചിക എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. 2022 ജൂലൈ 17-നാണ് ഒമാനിൽ ആദ്യമായി നീറ്റ് പരീക്ഷ നടന്നത്. അതിനുമുമ്പ് ഒമാനിലെ വിദ്യാർഥികൾ പരീക്ഷക്കായി ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ പോകണമായിരുന്നു. ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിലായി പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ വർഷങ്ങളായുള്ള ആവശ്യപ്രകാരമാണ് ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം മസ്‌കത്തിൽ കേന്ദ്രം അനുവദിച്ചത്. എന്നാൽ, 2024-ന്റെ തുടക്കത്തിൽ ഒമാനടക്കമുള്ള വിദേശ രാജ്യങ്ങളിലെ കേന്ദ്രങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയത് വിദ്യാർഥികളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ പ്രവാസി സംഘടനകളുടെയും രക്ഷിതാക്കളുടെയും ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.  

Tags:    
News Summary - Students in Oman take NEET exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.