മസ്കത്ത്: സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിവ സമൂഹത്തിന്റെ മാനസിക ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് മസ്കത്ത് ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ വിശദമായി വിലയിരുത്തി. ഈ വർഷത്തെ ആദ്യ കൗൺസിൽ യോഗത്തിൽ മസ്കത്ത് ഗവർണറും മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ മാധ്യമങ്ങളുടെയും ഇലക്ട്രോണിക് ഗെയിമുകളുടെയും വർധിച്ച ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് യോഗത്തിൽ ചർച്ചയായത്.
ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ അതിവേഗ വ്യാപനം കുട്ടികൾ, കൗമാരക്കാർ, കുടുംബങ്ങൾ എന്നിവരിൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ കൗൺസിൽ ചർച്ച ചെയ്തു. അമിതോപയോഗം മൂലമുണ്ടാകുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. യുവാക്കളെ സംരക്ഷിക്കുന്നതിനും കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി പ്രതിരോധ, ബോധവൽക്കരണ, ചികിത്സാപരമായ പരിപാടികൾ ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതിയുടെ ആവശ്യകത കൗൺസിൽ ഊന്നിപ്പറഞ്ഞു.
അതോടൊപ്പം, 2026-ലെ കൗൺസിലിന്റെ പ്രവർത്തന പരിപാടിയും യോഗം അവലോകനം ചെയ്തു. പ്രാദേശിക കാര്യങ്ങളുടെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനായി വിവിധ സഹകരണ സംരംഭങ്ങളും പ്രത്യേക പരിപാടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, മുൻഗണനാ പദ്ധതികൾ നിരീക്ഷിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ. ഇതുവഴി സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയും സേവന നിലവാരവും ഉയർത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.