മസ്‌കത്ത്: സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും വിഡിയോകൾക്കുമായി പാമ്പുകളെ പിടികൂടാനോ അവയുടെ സമീപം ചിത്രങ്ങൾ പകർത്താനോ ശ്രമിക്കരുതെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. പാമ്പുകൾ വിനോദത്തിനോ കണ്ടന്റ് ക്രിയേഷനോ ഉള്ളവയല്ലെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി അതോറിറ്റിയുടെ മുന്നറിയിപ്പ്.
പാമ്പുകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ നടത്തുന്ന അനാവശ്യ ശ്രമങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. ഇത്തരം കൗതുകങ്ങൾ പലപ്പോഴും അതീവ ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. ഒമാന്റെ പരിസ്ഥിതി ആവാസ വ്യവസ്ഥയിൽ പാമ്പുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും ഇവ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു.
അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ ചെന്ന് ശല്യപ്പെടുത്തരുത്. പാമ്പുകളെ പിടിക്കാൻ ശ്രമിക്കുക, അവയുടെ അടുത്തേക്ക് നീങ്ങുക, അല്ലെങ്കിൽ അവക്കൊപ്പം പോസ് ചെയ്ത് ചിത്രങ്ങളെടുക്കുക എന്നിവ പൂർണമായും ഒഴിവാക്കണം. പകരം, അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും വന്യജീവികളെ അവയുടെ വഴിക്ക് വിടുകയും ചെയ്യുകയാണ് വേണ്ടതെന്ന് പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങൾക്കുള്ള അറിയിപ്പിൽ പറഞ്ഞു.
ദോഫാർ ഖരീഫ് സീസണിൽ വന്യജീവികളുടെ ചിത്രങ്ങളോ വിഡിയോകളോ പകർത്തുകയോ അവയെ ശല്യം ചെയ്യുകയോ ചെയ്താൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് അതോറിറ്റി മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.