ജബൽ അഖ്ദറിൽ കാണാതായ ആൾക്കുവേണ്ടി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു
മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വാദിയിൽ അകപ്പെട്ട് ജബൽ അഖ്ദറിൽ കാണാതായ ആൾക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു. വാട്ടർ റെസ്ക്യൂ ടീമിന്റെയും ഡ്രോണിന്റെയും പൊലീസ് നായുടെയും മറ്റും സഹായത്തോടെയാണ് തിരച്ചിൽ നടക്കുന്നതെന്ന് ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നയാളുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ഇരുവരും വാഹനവുമായി വാദിയിൽ അകപ്പെടുന്നത്.
മഴക്കെടുതിയിൽ രാജ്യത്ത് ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്. ദാഖിലിയ ഗവർണറേറ്റിലെ ഇസ്ക്കി വിലായത്തിലെ വാദിയിൽ അകപ്പെട്ട് ഒരു സ്ത്രീ, ജബൽ അഖ്ദറിൽ വാദിയിൽ കുടുങ്ങി. ഒരാൾ, ദാഹിറ ഗവർണറേറ്റിലെ യാങ്കൂൾ വിലായത്തിലെ വാദി ഗയ്യയിൽ അകപ്പെട്ടു. മറ്റൊരാൾ, റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ അകപ്പെട്ടു. മൂന്നു കുട്ടികളും മരിച്ചു.
അതേസമയം, രാജ്യത്തെ പ്രതികൂല കാലാവസ്ഥയിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) 441 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 11 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേരെ രക്ഷിച്ചത്. അടിയന്തര ആവശ്യങ്ങളുള്ള 273 ഫോൺ കാളുകളും ലഭിച്ചു. ആളുകൾ വാദികളിൽ കുടുങ്ങിക്കിടക്കുന്നതായി 127 റിപ്പോർട്ടുകൾ വാട്ടർ റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് ലഭിച്ചുവെന്ന സി.ഡി.എ.എ പ്രസ്താവനയിൽ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ 36 കേസുകളാണ് കൈകാര്യം ചെയ്തത്. ആംബുലൻസ് ടീമുകൾ 50 സംഭവങ്ങളോടും 34 റോഡപകട റിപ്പോർട്ടുകളും പ്രതികരിച്ചു. മറ്റ് 17 കേസുകൾ കൂടാതെ ഒമ്പതുപേർ കെട്ടിടങ്ങളിൽ കുടുങ്ങിപ്പോയെന്ന റിപ്പോർട്ടുകളും കൈകാര്യം ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രതികൂല കാലാവസ്ഥയുണ്ടാകുമ്പോൾ വാദികളിൽ ഇറങ്ങരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും വൈദ്യുതി തൂണുകളിൽനിന്നും മാറിനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കുട്ടികൾ വീടിന് പുറത്തിറങ്ങുമ്പോൾ നിരീക്ഷിക്കണമെന്നും കുളങ്ങളിലോ കടലിലോ മേൽനോട്ടമില്ലാതെ നീന്താൻ അനുവദിക്കരുതെന്നും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.