മസ്കത്ത്: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് വ്യപകമായ രീതിയിൽ ഫിഷിങ് സൈബർ ആക്രമണങ്ങൾ നടക്കുന്നതായി ബുറൈമി യൂണിവേഴ്സിറ്റി അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യൂനിവേഴ്സിറ്റി അക്കൗണ്ട് ലോഗിൻ വിവരങ്ങൾ എന്നിവ തട്ടിയെടുക്കാൻ സൈബർ കുറ്റവാളികൾ ശ്രമിക്കുന്നതായാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
ട്യൂഷൻ ഫീസ് അടക്കുക, വ്യക്തിഗത വിവരങ്ങൾ പുതുക്കുക, യൂനിവേഴ്സിറ്റി അക്കൗണ്ട് വെരിഫൈ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായാണ് തട്ടിപ്പുകാർ ഇമെയിലുകൾ അയക്കുന്നത്. ഇതിലെ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ യൂസർനെയിമും പാസ്‌വേഡും അടക്കമുള്ളവ ചോർത്തപ്പെടും.
സംശയാസ്പദമായ ഇമെയിലുകളിലെ ലിങ്കുകളിലോ അറ്റാച്ച്മെന്റുകളിലോ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് യൂനിവേഴ്സിറ്റി മുന്നറിയിപ്പ് നൽകി. യൂണിവേഴ്സിറ്റി ഇമെയിലുകൾക്ക് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്യണം. ഇമെയിൽ അയച്ചയാളുടെ വിലാസം കൃത്യമായി പരിശോധിക്കണം. ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴിയല്ലാതെ വരുന്ന ഫീസ് പേയ്‌മെന്റ് ആവശ്യങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. അബദ്ധത്തിൽ ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പാസ്‌വേഡ് കൈമാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ അക്കൗണ്ട് പാസ്‌വേഡ് മാറ്റുകയും വിവരം ഐടി ഡിപ്പാർട്ട്മെന്റിനെ അറിയിക്കുകയും വേണം. സംശയമുള്ള ഇമെയിലുകൾ മറ്റാർക്കും ഫോർവേഡ് ചെയ്യാതെ നേരിട്ട് ഐടി വിഭാഗത്തിന് റിപ്പോർട്ട് ചെയ്യണമെന്നും യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.