മസ്കത്ത്: ഒമാനിൽ ഭക്ഷ്യോൽപന്നങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച പ്രമുഖ കമ്പനികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും സമൻസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമുള്ള ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ കണ്ടെത്തിയ ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്നാണ് അതോറിറ്റിയുടെ ഈ അടിയന്തിര നടപടി.
ഭക്ഷണ ഉൽപന്നങ്ങളുടെ പ്രചാരണ സാമഗ്രികളും പരസ്യങ്ങളും നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കാനും, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഫുഡ് സേഫ്റ്റി സെന്ററിന്റെ മുൻകൂർ അനുമതിയില്ലാതെ ഭക്ഷ്യോൽപന്നങ്ങൾ പരസ്യം ചെയ്യുകയോ പ്രൊമോട്ട് ചെയ്യുകയോ ചെയ്യുക, പരസ്യങ്ങളിൽ ശാസ്ത്രീയ അടിത്തറയില്ലാത്തതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ആരോഗ്യ-പോഷക അവകാശവാദങ്ങൾ ഉന്നയിക്കുക, നിയമപ്രകാരം പരസ്യം ചെയ്യാൻ പാടില്ലാത്ത ചില പ്രത്യേക ഉൽപന്നങ്ങൾ സോഷ്യൽ മീഡിയ വഴി പ്രൊമോട്ട് ചെയ്യുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും ഭക്ഷ്യ ഉൽപന്നങ്ങളുടെ വിപണന രംഗത്ത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാനുമായി നിയമലംഘകർക്കെതിരെ ഒമാനിലെ നിലവിലുള്ള നിയമപ്രകാരം കർശനമായ പിഴകളും ശിക്ഷാ നടപടികളും ചുമത്താൻ മടിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.