മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിക്ക ഗവർണറേറ്റുകളിലും അന്തരീക്ഷം കാർമേഘാവൃതമാണ്. വരും മണിക്കൂറുകളിൽ പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ദോഫാർ തീരപ്രദേശങ്ങളിലും സമീപത്തെ മലനിരകളിലും ദിവസം മുഴുവൻ ഇടവിട്ട ചാറ്റൽമഴക്കും കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ ഹജർ മലനിരകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും വീശിയടിക്കുന്ന കാറ്റ് മൂലം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇത് റോഡുകളിലെ കാഴ്ചപരിധി കാര്യമായി കുറക്കും. ഒമാൻ കടൽത്തീരങ്ങളിലും തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും രാത്രി വൈകിയും പുലർച്ചെയും താഴ്ന്ന മേഘങ്ങളും മൂടൽമഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ മുൻനിർത്തി വാദികൾ മുറിച്ചുകടക്കരുതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.