മസ്കത്ത്: സൊഹാറുകാർക്ക് ഇനി സലാലയിലേക്ക് വിമാനത്തിൽ പറക്കാം. സലാലയിലേക്ക് ഇൗ മാസം 28 മുതൽ സൊഹാർ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സർവിസ് ആരംഭിക്കുമെന്ന് ബജറ്റ് എയർലൈനായ സലാം എയർ അറിയിച്ചു. ഖരീഫ് സീസൺ മുൻനിർത്തിയുള്ള സർവിസ് സൊഹാർ അടക്കം ബാത്തിന പ്രവിശ്യയിലുള്ളവർക്ക് ഏറെ ഉപകാരപ്രദമാകും. സർവിസ് വിപുലീകരണത്തിെൻറ ഭാഗമായ സീസണൽ റൂട്ടുകളിൽ സൊഹാറിനെയും ഉൾപ്പെടുത്തിയതായി സലാം എയർ ട്വിറ്ററിൽ അറിയിച്ചു. ഒരു വശത്തേക്കുള്ള ടിക്കറ്റുകൾക്ക് 12 റിയാൽ മുതലാണ് നിരക്കുകൾ. ആഴ്ചയിൽ മൂന്നു സർവിസുകളാകും ഉണ്ടാവുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം മൂന്നിന് സലാലയിൽനിന്ന് പുറപ്പെടുന്ന വിമാനം 4.50ന് സൊഹാറിൽ എത്തും. തിരിച്ച് 5.30ന് പുറപ്പെടുന്ന വിമാനം 7.20ന് സലാലയിലെത്തും.
2014 നവംബറിൽ ഉദ്ഘാടനം ചെയ്ത സൊഹാർ വിമാനത്താവളത്തിലേക്ക് മസ്കത്തിൽനിന്ന് ഒമാൻ എയർ സർവിസ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞവർഷം ജൂണിൽ നിർത്തിയിരുന്നു. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർവിസ് അവസാനിപ്പിച്ചത്. ഒമാനിൽ പോക്കറ്റ് ചോരാതെയുള്ള ബദൽ വിമാനയാത്ര സൗകര്യമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സലാം എയർ അറിയിച്ചു. അടുത്തിടെ പാകിസ്താനിലെ രണ്ട് നഗരങ്ങളിലേക്ക് സർവിസ് തുടങ്ങിയ സലാം എയർ കഴിഞ്ഞ വ്യാഴാഴ്ച റമദാൻ മുൻനിർത്തി സലാലയിൽനിന്ന് സൗദിയിലെ ത്വാഇഫിലേക്കും സർവിസ് ആരംഭിച്ചിരുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 15 മുതൽ 20 വരെ വിമാനങ്ങൾ സ്വന്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കൂടുതൽ വിമാനങ്ങൾ എത്തുന്നതിന് അനുസരിച്ച് അന്താരാഷ്ട്ര റൂട്ടുകളിലടക്കം സർവിസ് വിപുലീകരിക്കും.
വ്യോമയാന മേഖല അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് മിഡിലീസ്റ്റ് എന്ന് സലാം എയർ സി.ഇ.ഒ ഫ്രാേങ്കായിസ് ബ്യൂട്ട്ലിയർ അറിയിച്ചു. ഒമാനിലെ വ്യോമഗതാഗത മേഖല 2019ഒാടെ 40 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.