സലാലയിൽ നടന്ന പ്രവാസോത്സവത്തിൽ മലയാളം മിഷൻ സലാല ചാപ്റ്റർ സെക്രട്ടറി ഡോ. ഷാജി പി. ശ്രീധർ സംസാരിക്കുന്നു
മസ്കത്ത്: ഒമാനിൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ മലയാളം മിഷൻ. സലാല മേഖയെ ചാപ്റ്ററായി പ്രഖ്യാപിച്ചതോടെ പ്രവർത്തനങ്ങളും വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് മലയാളം മിഷൻ. ശനിയാഴ്ച സലാലയിൽ നടന്ന പ്രവാസോൽസവത്തിൽ വെച്ചായിരുന്നു സലാല ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം. 2017 മുതൽ 2023 വരെ മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ കീഴിൽ സലാല മേഖലയായാണ് പ്രവത്തിച്ചുവന്നത്. മസ്കത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള സലാല മേഖലയിലെ പഠിതാക്കളായ കുട്ടികളുടെ ബാഹുല്യം കൊണ്ടും സുഗമമായ നടത്തിപ്പിന് വേണ്ടിയും സലാല മേഖലയെ സ്വതന്ത്രമായി പ്രവർത്തിക്കാവുന്ന ഒരു ചാപ്റ്ററാക്കി ഉയർത്തണം എന്ന ആവശ്യം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയെ അറിയിക്കുകയും 2023 ആഗസ്റ്റിൽ സലാലയെ പുതിയ ചാപ്റ്റർ ആക്കി ഉയർത്തുകയും ചെയ്തു.
നേരത്തെ മേഖല ആയിരുന്നപ്പോഴും, ചാപ്റ്റർ ആയതിനുശേഷവും സലാലയിലെ മലയാളികളായ കുട്ടികൾക്ക് ഭാഷ പഠിക്കുന്നതിനും കേരള സംസ്കാരം മനസ്സിലാക്കുന്നതിനും നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നതായി സലാല ചാപ്റ്റർ സെക്രട്ടറി ഡോ. ഷാജി പി. ശ്രീധർ പറഞ്ഞു. ഒമാനിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ മലയാളം മിഷൻ ക്ലാസുകളിൽ പഠിക്കുന്ന സ്ഥലംകൂടിയാണ് സലാല. 24 കുട്ടികളാണ് ഈ ചാപ്റ്ററിൽ നിന്ന് കണിക്കൊന്ന സർട്ടിഫിക്കറ്റ് പരീക്ഷ പാസായത്. പല വർഷങ്ങളിലായി പ്രവേശനോൽസവങ്ങൾ നടത്തി ധാരാളം കുട്ടികളെ ചാപ്റ്ററിന്റെ ഭാഗമാക്കാൻ കഴിഞ്ഞത് പ്രവത്തന വിപുലീകരണത്തിന് സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
എല്ലാ വർഷവും ആഗോള തലത്തിൽ മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ സലാലയിലെയും കുട്ടികൾ പങ്കെടുക്കാറുണ്ട്. 2022 ഇൽ ലോക കേരളസഭ പ്രവാസി വിദ്യാർഥികൾക്കായി നടത്തിയ കവിത മത്സരത്തിൽ ആഗോള തലത്തിൽ ഈ ചാപ്റ്ററിൽ നിന്നുള്ള ശിവാനി നായർ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സലാലയിൽ നിന്ന് ദൂരെ സ്ഥിതിചെയ്യുന്ന തുറൈത്ത് അടക്കം 14 പഠന കേന്ദ്രങ്ങളും പരിശീലനം ലഭിച്ച 18 അധ്യാപകരുമാണ് ചാപ്റ്ററിന് കീഴിലുള്ളത്. എല്ലാ പഠനകേന്ദ്രങ്ങളിലുമായി ധാരാളം കുട്ടികളും പഠിക്കുന്നുണ്ട്. ചാപ്റ്റർ രൂപവത്കരിച്ചെങ്കിലും ഔപചാരിക ഉദ്ഘാടനം നടത്താൻ സാധിച്ചിരുന്നില്ല.
സലാലയിൽ മലയാളം മിഷൻ ഒരുക്കിയ സ്റ്റാൾ
കഴിഞ്ഞ ശനിയാഴ്ച ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല കേരള വിങ് സംഘടിപ്പിച്ച പ്രവാസോത്സവം പരിപാടിയിൽ കേരള മുഖ്യമന്ത്രിയും മലയാളം മിഷൻ ചെയർമാനുമായ പിണറായി വിജയൻ, കേരള സാംസ്കാരിക മന്ത്രിയും മലയാളം മിഷൻ വൈസ് ചെയർമാനുമായ സജി ചെറിയാൻ, നോർക്ക റൂട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് എം.ഡി യുമായ ഡോ.എം.എ. യുസുഫലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുബാറക് അഹമ്മദ് ഷമാസ് എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി സലാല ചാപ്റ്റർ ഔദ്യോഗിമായി ഉദ്ഘാനം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.