സലാല: ഖരീഫ് സീസണിന്റെ ഭാഗമായുള്ള ചാറ്റൽ മഴ സലാലയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ലഭിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. എന്നാൽ, മഴ മാത്രം കനിഞ്ഞിരുന്നില്ല. സലാലയടക്കമുള്ള നഗരങ്ങളിൽ നല്ല ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഖരീഫ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും മഴ ലഭിക്കാതിരുന്നത് മലയാളികളടക്കമുള്ള കച്ചവടക്കാരിൽ നേരിയ ആശങ്ക പടർത്തുകയും ചെയ്തിരുന്നു. എന്നാൽ, പതിവുതെറ്റിക്കാതെ മഴ എത്തിയത് ഏവരിലും പ്രതീക്ഷ പകർന്നിട്ടുണ്ട്. സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലത്തിന് ജൂൺ 21നാണ് തുടക്കമായത്. ഖരീഫിന്റെ വരവറിയിച്ച് ജബൽ പ്രദേശങ്ങളിൽ ദിവസങ്ങൾക്ക് മുമ്പുതന്നെ മഴ പെയ്തു തുടങ്ങിയിരുന്നു.
കൂടുതൽ മഴ ലഭിക്കുന്നതോടെ സലാലയടക്കമുള്ള പ്രദേശങ്ങളുടെ മനസ്സിലും കുളിര് പടർത്തും. മഴ കനക്കുന്നതോടെ മലനിരകളും താഴ്വാരങ്ങളും പച്ച പുതക്കും. പച്ചപ്പിനൊപ്പം വെള്ളച്ചാട്ടങ്ങളും രൂപം കൊള്ളും. ഇതോടെ ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ദോഫാറിലെത്തും. രാജ്യത്തുനിന്നും പുറത്തുനിന്നുമായി ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും ഈ വർഷവും സാക്ഷ്യം വഹിക്കുക. ജി.സി.സി രാജ്യങ്ങളിൽനിന്നാകും ഇത്തവണയും കൂടുതൽ ആളുകളെത്തുക. ടൂറിസം മന്ത്രാലയം ഖരീഫിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി വിവിധ മാർക്കറ്റിങ് കാമ്പയിനുകളും നടപ്പാക്കി. ഒരു മുൻനിര മൺസൂൺ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദോഫാറിനെ പരിചയപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും ശക്തമാക്കി.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 ഖരീഫ് സീസണിൽ ദോഫാർ 1.048 ദശലക്ഷം സന്ദർശകരാണ് എത്തിയത്. ഇത് 2023 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനയാണ്. ഒമാനി സന്ദർശകരുടെ എണ്ണം 70.1 ശതമാനം വർധിച്ച് 7,34,500 ആയി. അതേസമയം ഗൾഫ് സന്ദർശകരുടെ എണ്ണം 16.9 ശതമാനം ഉയർന്ന് 1,77,000 ആയി. മറ്റ് അറബ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരിലും 3.6 ശതമാനം നേരിയ വർധന രേഖപ്പെടുത്തി. ഈ വർഷം സന്ദർശകരുടെ എണ്ണം 10 മുതൽ 15 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷത്തെ ഖരീഫ് സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ പരിപാടികളും നവീകരിച്ച സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തീൻ സ്ക്വയർ, അൽ സാദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധാന സ്ഥലങ്ങളിലായിരിക്കും പരിപാടികളും പ്രവർത്തനങ്ങളും. പ്രദേശത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വ്യത്യസ്ത പരിപാടികൾ ഓരോ സൈറ്റിലും ഉണ്ടായിരിക്കും. ഉയർന്ന നിലവാരവും വൈവിധ്യമാർന്ന ഉള്ളടക്കവും ഉറപ്പാക്കാൻ പിന്തുണക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വേദികൾ തയാറാക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പ്രധാന സ്ഥലങ്ങൾക്കൊപ്പം, മറ്റ് നിരവധി വേദികളിലും പൊതു, സാംസ്കാരിക പ്രവർത്തനങ്ങൾ നടക്കും. ഫ്രാങ്കിൻസെൻസ് മാർക്കറ്റ്, സലാല ഫാമിലെ ‘അൽ ഗർഫ്’ പരിപാടി, റൈസ്യൂത്ത് ബീച്ചിലെ പരിപാടികൾ, ആധുനിക ദൃശ്യ പ്രദർശനങ്ങൾ ഉപയോഗിച്ചുള്ള അൽ നഹ്ദ ടവറിലെ കലാപരമായ ചുവർചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
താഖ, മിർബത്ത്, സാദ എന്നീ വിലായത്തുകളിലും സലാലയിലെ അൽ ഹഫ ബീച്ച് മാർക്കറ്റിലും സംഹാര വില്ലേജിലും മറ്റ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.