‘നാഷനൽ യൂനിവേഴ്സിറ്റി - സുൽത്താൻ ഹൈതം സിറ്റി കാമ്പസ് ശിലാസ്ഥാപനം ഭവന -നഗര ആസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുഐലിയും നാഷനൽ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. പി. മുഹമ്മദ് അലിയും ചേർന്ന് നിർവഹിക്കുന്നു
മസ്കത്ത്: സുൽത്താൻ ഹൈതം സിറ്റിയിൽ നാഷനൽ യൂനിവേഴ്സിറ്റി കാമ്പസ് ശിലാസ്ഥാപനം നടന്നു. ‘നാഷനൽ യൂനിവേഴ്സിറ്റി - സുൽത്താൻ ഹൈതം സിറ്റി കാമ്പസ് (NU-SHC) എന്ന പേരിൽ ആരംഭിക്കുന്ന കാമ്പസിന്റെ ത്രീഡി മോഡലിന്റെ ഔദ്യോഗിക പ്രകാശനവും ചടങ്ങിൽ നടന്നു. ഭവന -നഗര ആസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുഐലിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഡിസൈൻ യൂനിറ്റ് ഒമാനും നെതർലൻഡ്സിലെ ക്രൈവ്‌വാൻഗർ സ്ഥാപനവും ചേർന്നാണ് കാമ്പസിന്റെ രൂപകൽപന നിർവഹിച്ചത്.
വിദ്യാർഥികളുടെ സമഗ്രക്ഷേമം മുൻനിർത്തി, മികച്ച പഠനാന്തരീക്ഷവും അത്യാധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന കാമ്പസായിരിക്കും എൻ.യു- എസ്.എച്ച്.സിയെന്നും എ.ഐ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അക്കാദമിക് കോഴ്സുകൾ വികസിപ്പിക്കാനും, ഗവേഷണ മേഖല ശക്തിപ്പെടുത്താനും ഈ കാമ്പസിലൂടെ ലക്ഷ്യമിടുന്നതായി നാഷനൽ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. പി. മുഹമ്മദ് അലി പറഞ്ഞു. ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (എൻ.യു) സുൽത്താനേറ്റിലെ പ്രമുഖ മൾട്ടി കാമ്പസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.
1996ൽ സ്ഥാപിതമായ കാലിഡോണിയൻ കോളജ് ഓഫ് എൻജിനീയറിങ്ങും 2001ൽ ആരംഭിച്ച ഒമാൻ മെഡിക്കൽ കോളജും ഇതിന്റെ അഭിമാന ചരിത്രത്തിന്റെ ഭാഗമാണ്. 2018ൽ ഈ രണ്ട് പ്രശസ്ത സ്ഥാപനങ്ങൾ ലയിച്ചാണ് നാഷനൽ യൂനിവേഴ്സിറ്റി രൂപം കൊണ്ടത്. ഒമാൻ വിഷൻ 2040-നോട് പൊരുത്തപ്പെടുന്ന അക്കാദമിക് മികവിന്റെ പ്രതീകമായി നാഷനൽ യൂനിവേഴ്സിറ്റി ഇന്ന് ഉയർന്നിട്ടുണ്ട്. മസ്കത്ത്, വടക്കൻ ബാത്തിന (സോഹാർ), തെക്കൻ ബാത്തിന (റുസ്താഖ്) എന്നീ മൂന്ന് ഗവർണറേറ്റുകളിലായി അഞ്ച് പ്രധാന കാമ്പസുകളും ഒരു സാറ്റലൈറ്റ് കാമ്പസും സർവകലാശാലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.