ഷിനാസ് പബ്ലിക് പാർക്ക് ഉദ്ഘാടനം ചെയ്തപ്പോൾ
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഷിനാസ് വിലായത്തിലെ പ്രധാന വിനോദ കേന്ദ്രമായി ഷിനാസ് പബ്ലിക് പാർക്ക് ഉദ്ഘാടനം ചെയ്തു. വിലായത്തിലെ വിനോദ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഷിനാസ് മുനിസിപ്പാലിറ്റി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് പദ്ധതി നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഷിനാസ് വാലി ഷിനാസ് ശൈഖ് അബ്ദുല്ല സാലിം അൽ ഹജ്രി അധ്യക്ഷത വഹിച്ചു.
ഷിനാസ് പബ്ലിക് പാർക്ക് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് ഷിനാസ് വിലായത്തിലെ മുനിസിപ്പാലിറ്റി വകുപ്പ് മേധാവി എൻജി. ഹസൻ ബിൻ അലി അൽ ബർമാനി പറഞ്ഞു. വിവിധ പ്രായക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നതെന്നും വിനോദത്തിനും കായികത്തിനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൗണ്ടെയ്‌നുകൾ, 15കളി ഉപകരണങ്ങളുള്ള കുട്ടികളുടെ കളിസ്ഥലം, സ്പ്രിന്റ് റേസിങ് ട്രാക്ക്, വിവിധോദ്ദേശ്യ കായിക മൈതാനം എന്നിവക്കൊപ്പം വ്യായാമ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മറ്റ് സൗകര്യങ്ങളും പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അൽ ബർമാനി പറഞ്ഞു. 14,175 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്കിലെ ഹരിത മേഖല വിഭാവനം ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.