ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ പാ​യ്ക്ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ്.​വി കൗ​ണ്ടി​ന്യ ബു​ധ​നാ​ഴ്ച രാ​വി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പോ​ർ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

ചരിത്രയാത്ര തീരമണഞ്ഞു; ഐ.​എ​ൻ.​എ​സ്.​വി കൗ​ണ്ടി​ന്യ​ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം

മസ്കത്ത്: പുരാതന കാലത്ത് ഇന്ത്യയും ഒമാനും തമ്മിലെ 5,000 വർഷത്തിലധികം പഴക്കമുള്ള സമുദ്ര, സാംസ്കാരിക, നാഗരിക ബന്ധങ്ങളുടെ ചരിത്രം ഓർമിപ്പിച്ച് ഐ.എൻ.എസ്.വി കൗണ്ടിന്യ നടത്തിയ അപൂർവ യാത്ര ബുധനാഴ്ച മസ്കത്തിന്റെ തീരത്തണഞ്ഞു. കാറ്റുംകോളും നിറഞ്ഞ സമദ്രത്തിലൂടെ പായ്ക്കപ്പലിൽ രണ്ടാഴ്ചയിലേറെ നീണ്ട യാത്ര സുൽത്താൻ ഖാബൂസ് പോർട്ടിലേക്ക് പ്രവേശിച്ചതോടെ വാട്ടർ സല്യൂട്ട് നൽകി കൗണ്ടിന്യയെ വരവേറ്റു. ഒമാനി പതാകകളുമായി ചെറു ബോട്ടുകളും പോർട്ട് കടലിൽ അണിനിരന്നു. കമാൻഡർ വികാസ് ഷിയോറന്റെ നേതൃത്വത്തിൽ 15 നാവികരാണ് പായ്കപ്പലിലുണ്ടായിരുന്നത്. കോഴിക്കോട് സ്വദേശി ബാബു ശങ്കരനാണ് ഇന്ത്യൻ നാവിക സേനക്കുവേണ്ടി പായ്ക്കപ്പൽ പണിതത്.

കഴിഞ്ഞ ഡിസംബർ 29-നാണ് ഗുജറാത്തിലെ പോർബന്തറിൽ നിന്ന് മസ്‌കത്തിലേക്ക് കൗണ്ടിന്യ പായ്ക്കപ്പൽ യാത്ര ആരംഭിച്ചത്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സമുദ്രവ്യാപാര പാതകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ ചരിത്ര യാത്ര.

ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകം, കപ്പൽ നിർമ്മാണ വൈദഗ്ദ്യം എന്നിവ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക, ഇന്ത്യ-ഒമാൻ നയതന്ത്രബന്ധങ്ങളുടെ 70-ആം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവകൂടി ഈ ദൗത്യം ലക്ഷ്യമിടുന്നു.

യന്ത്രസഹായമില്ലാതെ, കാറ്റിനെ മാത്രം ആശ്രയിച്ചുള്ള യാത്ര ഇതിനകം കടലിൽ പലവിധ സാഹചര്യങ്ങളെ മറികടന്നാണ് 17 ആം നാൾ ദൗത്യം പൂർത്തിയാക്കിയത്. ഐ.എൻ.എസ്.വി കൗണ്ടിന്യ നടത്തിയ ആദ്യ സമുദ്രയാത്രയാണിത്. പോർബന്തറിൽ നിന്ന് 750 നോട്ടിക്കൽ മൈൽ (1400 കി.മീ) സമുദ്രപാത താണ്ടിയാണ് കൗണ്ടിന്യ മസ്തത്തിൽ നങ്കൂരമിട്ടത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് പായ്ക്കപ്പൽ തീരമണഞ്ഞപ്പോൾ ഇന്ത്യൻ തുറമുഖ, ഷിപ്പിങ്, ജലഗതാഗത വകുപ്പിന്റെ മന്ത്രി സർബാനന്ദ സോനോവാലിന്റെ നേതൃത്വത്തിൽ വരവേറ്റു.

തുറമുഖത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അസ്സാൻ അൽ ബുസൈദി, ഇന്ത്യൻ നാവികസേന, ഒമാൻ റോയൽ നേവി, റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സമൂഹവും ആവേശപൂർവം കപ്പലിനെ വരവേറ്റു. ഔദ്യോഗിക സ്വീകരണത്തിന്റെ ഭാഗമായി ഇന്ത്യൻ, ഒമാനി പരമ്പരാഗത സാംസ്കാരിക പരിപാടികളും അരങ്ങേറി.

ഐ.​എ​ൻ.​എ​സ്.​വി കൗ​ണ്ടി​ന്യ​യി​ൽ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ ക​മാ​ൻ​ഡ​ർ വി​കാ​സ് ഷി​യോ​റ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ നാ​വി​ക സം​ഘ​ത്തി​ന് ഇ​ന്ത്യ​ൻ തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൽ, ഒ​മാ​ൻ പൈ​തൃ​ക-​ ടൂ​റി​സംമ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​സ്സാ​ൻ അ​ൽ ബു​സൈ​ദി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കരിമരുത്, തേക്ക്, ആഞ്ഞിലി, പ്ലാവ്... കൗണ്ടിന്യയുടെ പിറവി കേരളത്തിൽ

മസ്കത്ത്: ഐ.എൻ.എസ്.വി കൗണ്ടിന്യ പായ്ക്കപ്പലിന്റെ ആദ്യ യാത്ര തന്നെ വിജയകരമായി ഒമാൻ തീരത്ത് നങ്കൂരമിട്ടപ്പോൾ മലയാളികൾക്കും അഭിമാനിക്കാനേറെ. കോഴിക്കോട് ബേപ്പൂരിലെ ബാബു ശങ്കരന്റെ നേതൃത്വത്തിൽ വിദഗ്ധരായ പരമ്പരാഗത കപ്പൽ നിർമാണ തൊഴിലാളികളാണ് കപ്പൽ നിർമിച്ചത്. കരിമരുത്, തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളുടെ തടികളാണ് പായ്ക്കപ്പലിന്റെ നിർമാണത്തിന് ഉപയോഗിച്ചത്. 65 അടി നീളവും 22 അടി വീതിയും 13 അടി ഉയരവും 50 ടൺ ഭാരവുമാണ് പായ്ക്കപ്പലിനുള്ളത്. പഴയകാല രീതിയിൽ ‘തുന്നിച്ചേർത്ത കപ്പൽ’ (സ്റ്റിച്ച്ഡ് ഷിപ്) നിർമാണ സാങ്കേതികവിദ്യ ഉപയോഗിച്ച്, അഞ്ചാം നൂറ്റാണ്ടിലെ അജന്താ ഗുഹാചിത്രങ്ങളിൽ കാണുന്ന കപ്പലുകളുടെ മാതൃകയിലാണ് നിർമാണം പൂർത്തിയാക്കിയത്. കപ്പലിന്റെ പലകകൾ തമ്മിൽ ലോഹ ആണികൾ ഉപയോഗിക്കാതെ, ചകിരിയും കയറും ഉപയോഗിച്ച് തുന്നിച്ചേർക്കുകയായിരുന്നു. ഇന്ത്യൻ സമുദ്ര യാത്രികനായ കൗടിന്യയുടെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്.

2023 സെപ്റ്റംബറിൽ നിർമാണം ആരംഭിച്ച് 2025 മേയിൽ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയതോടെ കേരളത്തിന്റെ പാരമ്പര്യ കരവിരുതിൽ പിറന്ന പായ്ക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. ബേപ്പൂരിൽനിന്ന് പായ്കപ്പൽ ആദ്യം കർണാടകയിലെ കാർവാറിലെ നാവികസേന ആസ്ഥാനത്തെത്തിച്ചു. കഴിഞ്ഞ ഡിസംബർ 14ന് കാർവാറിൽനിന്ന് ഗുജറാത്തിലെ പോർബന്തറിലെത്തിച്ച പായ്ക്കപ്പൽ ഡിസംബർ 29ന് മസ്കത്ത് തീരം ലക്ഷ്യമാക്കി ചരിത്രയാത്ര തിരിച്ചു. പോർബന്തർ മുതൽമസ്കത്ത് വരെയായിരുന്നു ദൗത്യം.


ഐ.​എ​ൻ.​എ​സ്.​വി കൗ​ണ്ടി​ന്യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പോ​ർ​ട്ടി​ലേ​ക്ക് അ​ടു​ക്കു​ന്നു


 യാ​ത്ര​യു​ടെ നാ​ലാം ദി​ന​ത്തി​ൽ സം​ഘാം​ഗ​ങ്ങ​ൾ നാ​വി​ക​സേ​ന ത​ല​വ​ൻ ദി​നേ​ശ് കെ. ​ത്രി​പാ​ഠി​യു​മാ​യി സം​സാ​രി​ക്കു​ന്നു


പോ​ർ​ബ​ന്ത​ർ മു​ത​ൽ മ​സ്ക​ത്ത് വ​രെ...

മ​സ്ക​ത്ത്: അ​തൊ​രു അ​പൂ​ർ​വ യാ​ത്ര​യാ​യി​രു​ന്നു. കു​ടി​ക്കാ​നും പാ​ച​ക​ത്തി​നും മ​റ്റു​മാ​യി ഒ​രാ​ൾ​ക്ക് ദി​നേ​ന പ​ര​മാ​വ​ധി നാ​ല​ര ലി​റ്റ​ർ വെ​ള്ളം, അ​ഞ്ചോ ആ​റോ ദി​വ​സ​ത്തേ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ൾ, മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഡ്രൈ ​റേ​ഷ​നും ക​ട​ലി​ൽ​നി​ന്ന് പി​ടി​ക്കു​ന്ന മീ​നും വി​ഭ​വ​ങ്ങ​ളാ​യി. തു​റ​ന്ന ഡെ​ക്കി​ൽ സ്ലീ​പ്പി​ങ് ബാ​ഗു​ക​ളി​ലാ​യി​രു​ന്നു ഉ​റ​ക്കം പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നാ​യി ക​പ്പ​ലി​ന്റെ പു​റ​ത്ത് ഒ​രു​ക്കി​യ തു​റ​ന്ന ഇ​രി​പ്പി​ട​മാ​യി​രു​ന്നു ഏ​ക ആ​ശ്ര​യം. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​യി​രു​ന്നു ഐ.​എ​ൻ.​എ​സ്.​വി കൗ​ണ്ടി​ന്യ​യി​ലെ 16 നാ​വി​ക സേ​നാം​ഗ​ങ്ങ​ളു​ടെ സാ​ഹ​സി​ക യാ​ത്ര. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ് ഭ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മ​റ്റു ചി​ല ദി​ന​ങ്ങ​ളി​ൽ ക​ട​ൽ ശാ​ന്ത​മാ​യ​തോ​ടെ പാ​യ്ക്ക​പ്പ​ലി​ന് സ​ഞ്ച​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് കാ​റ്റി​ല്ലാ​തെ സ​ഞ്ചാ​ര​വും ത​ട​സ്സ​പ്പെ​ട്ടു. എ​ൻ​ജി​നോ ആ​ധു​നി​ക പ്രൊ​പ്പ​ൽ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​റ്റി​ന്റെ​യും തി​ര​മാ​ല​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മാ​ണ് പാ​യ്ക്ക​പ്പ​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ പേ​ടി​പ്പെ​ടു​ത്തി​യ ദി​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

ഏ​ഴാം ദി​ന​ത്തി​ൽ തു​ട​ർ​യാ​ത്ര​ക്കു​ള്ള സ​മു​ദ്ര സ​ഞ്ചാ​ര മാ​പ്പ് പ​രി​ശോ​ധി​ക്കു​ന്നു

ഇ​തി​നി​ടെ ച​ര​ക്കു​ക​പ്പ​ലു​ക​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന സ​മു​ദ്ര​ത്തി​ലെ തി​ര​ക്കേ​റി​യ അ​ന്താ​രാ​ഷ്ട്ര കോ​റി​ഡോ​റി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ടി വ​ന്ന​തും വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ൾ സം​ഘാം​ഗ​ങ്ങ​ൾ അ​ത​തു ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. 15 ദി​വ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച യാ​ത്ര ഒ​ടു​വി​ൽ 17 ാം ദി​നം മ​സ്ക​ത്തി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പോ​ർ​ട്ടി​ല​ണ​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ​രേ​ഖ​യാ​യി അ​തു​മാ​റി. 



1. മ​ൺ​ഭ​ര​ണി​ക​ളി​ൽ വെ​ള്ളംസൂ​ക്ഷി​ച്ച നി​ല​യി​ൽ, 2, പാ​യ്ക്ക​പ്പ​ലി​ന് പു​റ​ത്ത്പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നൊ​രു​ക്കി​യ ഇ​രി​പ്പി​ടം


 


Tags:    
News Summary - Historic journey ends; INSV kaudinya receives warm welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.