നികുതി വെട്ടിപ്പ് കേസ്; പ്രതി 1.53 ലക്ഷം റിയാൽ അടക്കണമെന്ന് കോടതി

മസ്കത്ത്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒമാനിലെ പ്രാഥമിക കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി അന്തിമവിധി പുറപ്പെടുവിച്ചു. നികുതി കുടിശ്ശികയും പിഴയുമായി 1,53,000 റിയാലിലധികം അടക്കാൻ പ്രതിയോട് കോടതി ഉത്തരവിട്ടു. മനഃപൂർവം എക്‌സൈസ് നികുതി വെട്ടിക്കാൻ നികുതി റിട്ടേണുകൾ കൃത്യമായി സമർപ്പിക്കാതിരിക്കുകയും കള്ളരേഖകൾ ഹാജരാക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

വരുമാന നികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കാതിരുന്നതിന് മൂന്ന് മാസം തടവും 2,000 റിയാൽ പിഴയും, എക്‌സൈസ് നികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കാത്തതിന് മൂന്ന് മാസം തടവും 1,000 റിയാൽ പിഴയും, എക്‌സൈസ് നികുതി വെട്ടിപ്പിനായി കള്ളരേഖകൾ ഹാജരാക്കിയതിന് ഒരു വർഷം തടവും 5,000 റിയാൽ പിഴയും കോടതി വിധിച്ചു. ഇതിൽ ചെറിയ ശിക്ഷകൾ ഒന്നിപ്പിച്ച് ഒരു വർഷം തടവാണ് അന്തിമമായി വിധിച്ചത്. എന്നാൽ വിധിയിലെ വ്യവസ്ഥകൾ പ്രകാരം തടവുശിക്ഷ റദ്ദാക്കുകയും, എല്ലാ ക്രിമിനൽ കോടതി ചെലവുകളും പ്രതി വഹിക്കണമെന്നും കോടതി നിർദേശിച്ചു.

നികുതി അതോറിറ്റിക്ക് 1,53,000 റിയാലിലധികം പ്രതി അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിൽ 32,778 റിയാൽ വരുമാന നികുതിയായും 1,21,207.132 റിയാൽ എക്‌സൈസ് നികുതിയായുമാണ് കണക്കാക്കിയത്. കൂടാതെ ഖജനാവിന് നികുതി വരുമാനം ലഭിക്കാതിരുന്നതുമൂലമുണ്ടായ നഷ്ടപരിഹാരമായി മറ്റൊരു തുകയും കണക്കാക്കി. നികുതി നിയമങ്ങൾ ലംഘിക്കാനോ നികുതി വെട്ടിക്കാനോ ശ്രമിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയെന്ന് വിധിയെക്കുറിച്ച് പ്രതികരിച്ച നികുതി അതോറിറ്റിയിലെ കേസ വിഭാഗം മേധാവി മഅ്മൂൻ ബിൻ സഈദ് അൽ മഷ്അരി പറഞ്ഞു. പൊതുസമ്പത്ത് സംരക്ഷിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥ കാത്തുസൂക്ഷിക്കുന്നതിനുമായി നിയമനടപടികൾ കർശനമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി ബാധ്യതയുള്ള എല്ലാ സ്ഥാപനങ്ങളും നിയമപരമായി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തി നികുതി റിട്ടേണുകൾ സമർപ്പിക്കണമെന്ന് നികുതി അതോറിറ്റി നിർദേശിച്ചു. നിയമലംഘനം സംഭവിച്ചാൽ ഭരണപരമായ പിഴക്കൊപ്പം തടവ് ഉൾപ്പെടെയുള്ള കർശനമായ ക്രിമിനൽ ശിക്ഷകളും വലിയ സാമ്പത്തിക പിഴകളും നേരിടേണ്ടിവരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Tax evasion case; Court orders accused to pay 1.53 lakh riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.