സലാലയില്‍ സുഹൃത്തുക്കളുടെ മരണം വിശ്വസിക്കാനാവാതെ ജന്മനാട്

മൂവാറ്റുപുഴ: വ്യാപാര പങ്കാളികളായ സുഹൃത്തുക്കളുടെ ഒമാന്‍ സലാലയിലെ ദുരൂഹ മരണം നാടിനെ ഞെട്ടിച്ചു. ഞായറാഴ്ച ഉച്ചയോടെയത്തെിയ മരണവാര്‍ത്ത വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരില്‍ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (ബേബി- 49) എന്നിവരെയാണ് സലാലക്ക് സമീപം ദാരിസിലെ താമസസ്ഥലത്ത് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്തെിയത്.

ഒരാളുടെ മൃതദേഹം മുറിയിലും മറ്റേയാളുടേത് സമീപത്തെ കെട്ടിടത്തിന് താഴെയുമായിരുന്നു. ഒരാളെ കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. വിശദ അന്വേഷണത്തിനുശേഷമേ സംഭവത്തില്‍ വ്യക്തത വരൂ.  
കോഴിക്കോട് സ്വദേശിയായ മറ്റൊരു പങ്കാളിയുമായി ചേര്‍ന്ന് സലാലയില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. ഒരു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച ക്രഷര്‍ യൂനിറ്റിന്‍െറ ട്രയല്‍ റണ്‍ ശനിയാഴ്ച നടന്നിരുന്നു. രണ്ടാഴ്ചക്കകം ഉദ്ഘാടനം നടത്താനിരിക്കെയാണ് മരണം. 

നേരത്തേ, ആട്ടായത്ത് ക്രഷര്‍ യൂനിറ്റ് നടത്തുകയായിരുന്നു മുഹമ്മദ്. വീടിനുസമീപം ഹോളോബ്രിക്സ് നിര്‍മാണ യൂനിറ്റ് നടത്തുകയായിരുന്നു നജീബ്. ഒന്നരവര്‍ഷം മുമ്പാണ് ഒമാനില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രണ്ടുമാസം മുമ്പ് നാട്ടില്‍ വന്നുപോയ മുഹമ്മദ് ഉദ്ഘാടനത്തിന് മുന്നോടിയായി 26ന് വീണ്ടും എത്താനിരിക്കുകയായിരുന്നു. ടിക്കറ്റ് എടുത്ത വിവരം ശനിയാഴ്ച രാത്രി ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നു. മരണവിവരമറിഞ്ഞ് ഉച്ചയോടെ നാട്ടുകാര്‍ ഇരുവീടിന്‍െറയും പരിസരത്ത് എത്തിയിരുന്നു. ബന്ധുക്കള്‍ വിവരം അറിയാത്തതിനാല്‍ ആരും വീടുകളിലേക്ക് കയറിയില്ല. മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - salala malayali death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.