മസ്കത്ത്: രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ റിയാലിന്റെ വിനിമയനിരക്ക് പുതിയ റെക്കോഡിൽ. ഒരു റിയാലിന് 230.15 രൂപ എന്ന നിരക്കാണ് ഒമാനിലെ പണിമിടപാട് സ്ഥാപനങ്ങൾ കഴിഞ്ഞദിവസം നൽകിയത്. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 231 രൂപയിലധികമാണ് കാണിച്ചത്.
വിനിമയനിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആഹ്ലാദം പകരുന്നതാണ്. അവർ അയക്കുന്ന തുകക്ക് കൂടുതൽ മൂല്യം കിട്ടുന്നു എന്നതാണ് കാരണം. നാട്ടിലെ പല ബാധ്യതകളും വേഗത്തിൽ തീർക്കാൻ ഇതു സഹായിക്കും. അതേസമയം, പണമിടപാട് സ്ഥാപനങ്ങളിൽ കാര്യമായ തിരക്കൊന്നും കഴിഞ്ഞദിവസം അനുഭപ്പെട്ടില്ല. വിനിമനിരക്ക് 229ന് മുകളിൽ എത്തിയ സമയത്തുതന്നെ ഭൂരിഭാഗംപേരും നാട്ടിലേക്ക് കാശ് അയച്ചിരുന്നു. എന്നാൽ, വരും ദിവസങ്ങളിൽ പല സ്വകാര്യ കമ്പനികളും ശമ്പളം കൊടുത്തുതുടങ്ങുന്നതോടെ കൂടുതൽ ആളുകൾ നാട്ടിലേക്ക് കാശ് അയച്ച് തുടങ്ങും. വിനിമയനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. എതാനും ദിവസങ്ങളായി റിയാൽ രൂപക്കെതിരെ കുതിപ്പുനടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസം യു.എസ് ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂപ്പുകുത്തുകയായിരുന്നു. വ്യാപാരം തുടങ്ങുമ്പോൾ 88.41 ആയിരുന്ന രൂപ 88.79 വരെ പോയി അവസാനം 88.7550 എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്.
ആദ്യമായാണ് രൂപക്ക് ഒരു ദിവസം ഇത്രക്കും മൂല്യശോഷണം ഉണ്ടാകുന്നത്. രൂപ ഇങ്ങനെ ഇടിയാൻ കാരണം പ്രധാനമായും അമേരിക്ക എച്ച്-വൺ ബി വിസ നിരക്ക് കുത്തനെ കൂട്ടിയതാണ്. നിലവിൽതന്നെ 50 ശതമാനം തീരുവ, രാജ്യങ്ങൾ തമ്മിലുള്ള ആസ്വാരസ്യങ്ങൾ എന്നീ പ്രശ്നങ്ങൾ ഉണ്ട്. അതിന്റെ കൂടെ ഈ പ്രഖ്യാപനം ദൂരവ്യാപകമായ വിപരീതഫലം ഇന്ത്യൻ സാമ്പത്തികരംഗത്ത് ഉണ്ടാക്കുമെന്നാണ് സാമ്പത്തികരംഗത്തുള്ളവർ പറയുന്നത്. ഈ വർഷം ഇതിനകം 2.8 ശതമാനത്തോളം ഇടിഞ്ഞ രൂപയുടെ തകർച്ചയുടെ തുടർച്ചയായിരുന്നു ഇന്നലത്തേത്.
നേരത്തേ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന മൂല്യം സെപ്റ്റംബർ 11ന് 88.47 ആയിരുന്നു. കഴിഞ്ഞവർഷത്തെ 88.28ൽനിന്ന് 88.41 ൽ എത്തിയെങ്കിലും കൂടുതൽ മൂല്യനഷ്ടം ഉണ്ടായി.
88.76 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ക്ലോസിനെക്കാൾ 48 പൈസയുടെ കുത്തനെ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയാണ് രൂപയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.