ഉമ്മ സ്നേഹം ചാലിച്ചു വിളമ്പിയ രുചികൾ


ഇന്നത്തെ നോമ്പ് തുറകൾ കാണുമ്പോൾ കുട്ടികാലത്തെ തറവാട്ടിലെ നോമ്പ് തുറ ഓർത്തുപോകുന്നു. കൂട്ടുകുടുംബമായി തറവാട്ടിൽ കഴിയുന്ന ആ കാലം. ഉച്ചനേരത്തെ നമസ്കാരവും പ്രാർഥനയും കഴിഞ്ഞാൽ ഉമ്മയും എളീമയും അടുക്കളയിലേക്ക് നീങ്ങും. അന്ന് എല്ലാ വീടുകളിലും അടുക്കളയുടെ അടുത്ത് മണ്ണുകൊണ്ട് അര ചുമരുകൊണ്ട് മറച്ചു അതിന് അകത്തായി അടുപ്പുകൂട്ടാറുണ്ടയിരുന്നു. അവിടെ വച്ചാണ് പാചകം തുടങ്ങുക

ഇന്നത്തെപോലെ ഒരുപാട് വിഭവങ്ങളൊന്നുമില്ല. നോമ്പ് തുറക്കാൻ ഉപ്പ പൊന്നാനിയിൽ പോയി വരുമ്പോൾ കൊണ്ടു വരുന്ന കാരക്ക ചീളുകൾ ആക്കി ഒരു പാത്രത്തിൽ വെക്കും. പിന്നെ സ്റ്റീൽ ഗ്ലാസിൽ വെള്ളവും. ചില ദിവസങ്ങളിൽ കൂവപൊടി തേങ്ങയിട്ട് കലക്കിയ വെള്ളവും (അന്നത്തെ ജ്യൂസ് എന്നു പറഞ്ഞാൽ അതാണ്). എല്ലാവരും കൂടി അടുക്കളയിൽ വട്ടത്തിൽ ഇരുന്ന് നോമ്പ് തുറക്കും. ഉപ്പ പൂ മുഖത്തും ഇരുന്ന് നോമ്പ് തുറക്കും.

അന്ന് നോമ്പ് തുറക്കാൻ വലിയ കുടുംബമായതുകൊണ്ട് ഇരിപ്പിടം (പലക) കിട്ടാൻ ഞങ്ങൾ അടികൂടുന്നത് ഇന്നും ഓർമ്മകളിൽ അങ്ങനെ മായാതെ കിടക്കുന്നു. പിന്നെ നോമ്പ് തുറ കഴിഞ്ഞാൽ അടുത്തുള്ള പള്ളിയിലേക്ക് ഓടും. നമസ്കാരം കഴിഞ്ഞാൽ അതേ ഓട്ടം തിരിച്ചും, നേരത്തെ പറഞ്ഞ സീറ്റ് പിടിക്കാൻ..

ഉമ്മയുടെ സ്പെഷ്യൽ ഐറ്റം ആയിരുന്നു ഓട്ടട. ‘ഇന്നും ഓട്ടടയാണോ? എനിക്ക് വേണ്ട’ എന്ന സ്ഥിരം പല്ലവി പറയുമെങ്കിലും ഉമ്മയുടെ നിർബന്ധത്തിനും വാശി പിടിച്ചാൽ വയറു നിറയൂല എന്ന ചിന്തയിലും അത് കഴിക്കും. ‘ഉമ്മാ പത്തിരി ഉണ്ടാക്കിക്കൂടെ’ എന്ന ചോദ്യത്തിനു മറുപടി ‘പള്ളിയിലെ ഉസ്താദിന്റെ ചെലവിന് നമുക്ക് പത്തിരി ഉണ്ടാക്കണം, അന്ന് നമ്മുക്ക് ആ ചേവലിനെ (പൂവൻകോഴി) അറുക്കണം’ എന്നുള്ള ഉമ്മയുടെ മറുപടിയിൽ ആ കോഴിയുടെ ചാറും പത്തിരിയും സ്വപ്നം കണ്ട് നടക്കും.

ഉസ്താദിന്റെ ചെലവ് ദിവസം വന്നാൽ രാവിലെ കോഴിയെയും തൂക്കിപിടിച്ചു അറുക്കാൻ മൊല്ലാക്കയുടെ അടുത്ത് കൊണ്ടുപോകുന്ന പണിയും മിക്കവാറും എനിക്കായിരുന്നു. ഒരു കഷ്ണം ഇറച്ചി കൂടുതൽ കിട്ടും എന്ന് കരുതി സ്വയം ഏറ്റടുക്കുന്നതാണ്. ഒരു കോഴിയെ അറുത്ത് മൊല്ലാക്കാനെ നോമ്പും തുറപ്പിച്ച് പിന്നെ പത്തോളം പേർ വരുന്ന ഞങ്ങൾക്ക് അതിന്റെ ചാറ് മാത്രമല്ലെ കിട്ടൂ. അതാണ് കുട്ടിക്കാലത്തെ നോമ്പുതുറ.

അന്നെന്റെ ഉമ്മ ഉണ്ടാക്കിത്തന്ന ഓട്ടടയുടെ രുചിയൊന്നും ഇന്നത്തെ ഒരു പിസ്സയിൽനിന്നും എനിക്ക് കിട്ടിയിട്ടില്ല. ശർക്കരയിട്ട് ഉമ്മ ഉണ്ടാക്കിയ ചായയുടെ രുചിയൊന്നും പിന്നെ ഒരു ചായയിലും എനിക്കനുഭവിക്കാനായിട്ടില്ല.

ഉമ്മ സ്നേഹം ചാലിച്ചുണ്ടാക്കിയ കൂവപൊടിയുടെ വെള്ളത്തിന്റെ രുചി പിന്നീട് ഒരു ജ്യൂസിനും തരാനായിട്ടില്ല.

അന്നത്തെ പച്ച മല്ലി വറുത്തരച്ച കോയീന്റെ ചാറിൻ രുചി ഇന്നും നാവിൻ തുമ്പിൽ ഉണ്ട് എന്നുള്ളതാണ് ആ നോമ്പ് കാലത്തിന്റെ പ്രത്യേകത. പത്തു മുപ്പത്തഞ്ചു കൊല്ലം പിന്നിട്ടിട്ടും ഓർമയിൽ മായാതെ അതങ്ങനെ തങ്ങി നിൽക്കുന്നു.

ഇന്ന് വിഭവങ്ങൾ തീൻ മേശയിൽ നിറക്കുകയാണ്. കഴിക്കാൻ അല്ല, ലൈക്കിനും കമന്റിനും വേണ്ടി ഫോട്ടോ എടുത്ത് സ്റ്റാറ്റസ് വെക്കാനും ഇൻസ്റ്റയിൽ പോസ്റ്റാനും. കാലം എത്ര പുരോഗമിച്ചാലും പഴയകാലത്തിന്റെ റമദാൻ വസന്തമായി തന്നെ ഓർമകളിൽ നിൽക്കും.

Tags:    
News Summary - Flavors served with love by my mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.