ഒമാനിലെ കര, കടൽ, വ്യോമഗതാഗതം സാധാരണ നിലയിൽ


കയറ്റുമതി -ഇറക്കുമതി പാർസലുകൾ വൈകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

മസ്കത്ത്: മേഖലയിലെ സംഘർഷങ്ങൾക്കിടയിലും സുൽത്താനേറ്റിലെ കര, കടൽ, വ്യോമഗതാഗതം സാധാരണ നിലയിലാണെന്ന് ഒമാൻ ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചു. ഗതാഗത സേവനങ്ങൾ പൂർണമായും പ്രവർത്തനക്ഷമമായി തുടരുന്നുണ്ട്.

നിലവിലെ സംഘർഷ സാഹചര്യങ്ങൾ ജനങ്ങളുടെ സഞ്ചാരത്തെയോ വിതരണ ശൃംഖലകളുടെ പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ല. ലോജിസ്റ്റിക്‌സ് സേവനങ്ങൾ കാര്യക്ഷമമായി നടക്കുന്നതായും ഒമാനിലുടനീളം വിതരണ ശൃംഖലകളുടെയും അവശ്യവസ്തുക്കളുടെയും നീക്കം ഉറപ്പാക്കാനും സാധിച്ചതായും ഗതാഗത വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ ഒമാൻ ഗവ. കമ്യൂണിക്കേഷൻ സെന്റർ വിശദമാക്കി.

അതേസമയം, ചരക്കുകപ്പൽ നീക്കവുമായി ബന്ധപ്പെട്ട് കയറ്റുമതി -ഇറക്കുമതി പാർസലുകൾ വൈകൽ സാധ്യതയെന്ന് ഒമാൻ പോസ്റ്റ് ഞായറാഴ്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

രാജ്യത്തേക്ക് എത്തുന്നവയും രാജ്യത്തുനിന്ന് അയക്കുന്നവുമായ എല്ലാ ചരക്കുകൾക്കും ഈ വൈകൽ ബാധകമായേക്കും. സാഹചര്യവികാസങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും വാണിജ്യ ചരക്കുകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി റൂട്ടിങ് സംവിധാനങ്ങളും പ്രവർത്തന രീതികളും പരിഷ്‌കരിക്കുന്ന നടപടികൾ സ്വീകരിച്ചുവരികയാണ്. വ്യാപാര സ്ഥാപനങ്ങളും വ്യക്തിഗത ഉപഭോക്താക്കളും ഷിപ്പ്മെന്റുകൾ ആസൂത്രണം ചെയ്യുമ്പോൾ വിതരണ സമയത്തിൽ നേരട്ടേക്കാവ​ുന്ന കാലതാമസം പരിഗണിക്കണമെന്ന് ഒമാൻ പോസ്റ്റ് നിർദേശിച്ചു. 

Tags:    
News Summary - Land, sea and air traffic in Oman is normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.