വടക്കൻ ബാതിനയിൽ നിർമാണ സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവ്

മസ്‌കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച വടക്കൻ ബാതിന ഗവർണറേറ്റിലെ നിർമ്മാണ സ്ഥാപനം അടച്ചുപൂട്ടാനും 10,000 ഒമാനി റിയാൽ പിഴ ചുമത്താനും സഹമിലെ കോടതി ഉത്തരവിട്ടു. ഉപഭോക്തൃ സംരക്ഷണ നിയമം നമ്പർ 66/2014 ലംഘിച്ചതിനെ തുടർന്ന് ഏഴ് വ്യത്യസ്ത കേസുകളിലായാണ് കോടതി വിധികൾ പ്രസ്താവിച്ചത്. സ്ഥാപനം കരാറനുസരിച്ച് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വാതിലും ജനലുകളും നിർമ്മിച്ച് സ്ഥാപിക്കാത്തതിനെതിരെ നിരവധി ഉപഭോക്താക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതികൾ ലഭിച്ചതിനെ തുടർന്ന് വടക്കൻ ബാതിനയിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ നിയമനടപടികൾ സ്വീകരിച്ച് കേസ് രേഖകൾ സഹമിലെ പബ്ലിക് പ്രാസിക്യുഷന് കൈമാറി. തുടർന്ന് അന്വേഷണങ്ങൾ പൂർത്തിയാക്കി കേസുകൾ ബന്ധപ്പെട്ട കോടതിയിൽ സമർപ്പിക്കുകയായിരുന്നു. സേവനദാതാക്കൾ സേവനം ശരിയായ രീതിയിൽ നൽകുകയും യുക്തമായ കാലയളവിന് ഗ്യാരണ്ടി നൽകുകയും വേണമെന്ന് ഈ വകുപ്പ് നിർദേശിക്കുന്നു. ലംഘനം ഉണ്ടായാൽ സേവനത്തിന്റെ മൂല്യം തിരികെ നൽകുകയോ, കുറവുകൾ പരിഹരിക്കുകയോ, സേവനം വീണ്ടും ശരിയായി നിർവഹിക്കുകയോ വേണമെന്നാണ് നിയമം.

വിധിയുടെ ഭാഗമായി ഉപഭോക്താക്കളുമായി നടത്തിയ കരാറുകൾ റദ്ദാക്കി, ബാധിതർക്കായി മൊത്തം 2,540 ഒമാനി റിയാൽ തിരികെ നൽകാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമേ 10,000 റിയാൽ പിഴ ചുമത്തുകയും സ്ഥാപനത്തിന്റെ വ്യാപാര പ്രവർത്തനം നിർത്തിവെക്കുകയും കട പൂട്ടുകയും ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

Tags:    
News Summary - Construction company in North Batinah ordered to close

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.