ഏഥൻസിൽ നടന്ന ചടങ്ങിൽ ആർ.ഒ.പിയെ പ്രതിനിധീകരിച്ച് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ സുലൈം അൽ ഫലാഹി അവാർഡ് ഏറ്റുവാങ്ങുന്നു
മസ്കത്ത്: ഇന്റർനാഷനൽ റോഡ് ഫെഡറേഷൻ അവാർഡുകളിൽ റോഡ് സുരക്ഷാ വിഭാഗത്തിൽ റോയൽ ഒമാൻ പൊലീസിന് പുരസ്കാരം. സ്മാർട്ട് സാങ്കേതികവിദ്യകളിലൂടെയും ഡേറ്റ വിശകലനത്തിലൂടെയും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിൽ ആർ.ഒ.പി നടത്തിയ നൂതന ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്.
ഹുവാവേ ഒമാനുമായി സഹകരിച്ച് നടപ്പിലാക്കിയ ട്രാഫിക് മാനേജ്മെന്റിൽ ആർ.ഒ.പിയുടെ കൃത്രിമബുദ്ധി ഉപയോഗത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. ഏഥൻസിൽ നടന്ന ചടങ്ങിൽ ആർ.ഒ.പിയെ പ്രതിനിധീകരിച്ച് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ സുലൈം അൽ ഫലാഹി അവാർഡ് സ്വീകരിച്ചു.
ഉയർന്ന അപകടസാധ്യതയുള്ള റോഡുകൾ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനുമുള്ള ബുദ്ധിപരമായ ട്രാഫിക് മോണിറ്ററിങ് സംവിധാനങ്ങൾ, അപകട ഡേറ്റ വിശകലനം, എ.ഐ. പവർഡ് സൊല്യൂഷനുകൾ എന്നിവ വികസിപ്പിക്കുന്നതിൽ ആർ.ഒ.പിയുടെ മുൻനിര സംരംഭങ്ങളെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.
അപകട നിരക്ക് കുറക്കുന്നതിനും പ്രതികരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്. ആഗോള റോഡ് ശൃംഖലകളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും വികസനത്തിലും മെച്ചപ്പെടുത്തലിലും പ്രകടമായ സ്വാധീനം പ്രകടിപ്പിക്കുന്ന പദ്ധതികളെയും സംരംഭങ്ങളെയും അംഗീകരിച്ച് വർഷംതോറും നൽകിവരുന്നതാണ് ഇന്റർനാഷനൽ റോഡ് ഫെഡറേഷൻ അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.