മസ്കത്ത്: മലകയറ്റത്തിനിടെ കാലിന് പരിക്കേറ്റ പൗരനെ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ച് റോയൽ ഒമാൻ പൊലീസ്.അൽ ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലെ ഇംതി മലനിരകളിൽ ട്രെക്കിങ്ങിനിടെയാണ് പൗരന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ യാത്ര തുടരാനാവാത്ത സാഹചര്യത്തിലായിരുന്നു.
റോയൽ ഒമാൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എയർ വിങ് സംഘം എത്തി അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെ ഹെലികോപ്ടറിൽ നിസ്വ ആശുപത്രിയിലേക്ക് പൗരനെ മാറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സംഘത്തിന്റെ വേഗത്തിലുള്ള പ്രതികരണത്തെയും കാര്യക്ഷമതയെയും അധികൃതർ പ്രശംസിച്ചു. കൂടാതെ, മലനിരകളിലും പ്രകൃതി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിനോദങ്ങളിൽ ഏർപ്പെടുന്നവർ സുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ഓർമിപ്പിച്ചു.
ഈ ഓപറേഷൻ റോയൽ ഒമാൻ പൊലീസിന്റെ പൊതുസുരക്ഷയോടുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും പ്രതിസന്ധികളുള്ള പ്രദേശങ്ങളിലും അടിയന്തരസാഹചര്യങ്ങളിലും വേഗത്തിൽ പ്രതികരിക്കാൻ ആർ.ഒ.പി പൂർണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.