ജബൽ അഖ്ദറിലെ റോസാപ്പൂ കൃഷി
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസാപ്പൂ കൃഷി വ്യാപിപ്പിക്കാൻ പദ്ധതിയുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. റോസാപ്പൂ കൃഷിയുടെ അധിക മൂല്യം ഉയർത്തുന്ന പദ്ധതിക്കായി അഗ്രികൾചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെൻറ് ഫണ്ടിൽനിന്ന് 1,50,000 റിയാൽ അനുവദിച്ചു. 15 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പനിനീർ ഉൽപന്നങ്ങളുടെ നിർമാണ മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും 15 ഗുണഭോക്താക്കൾക്ക് പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജബൽ അഖ്ദറിലെ റോസ് കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയുംകുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിക്കുക, മേഖലയിലെ റോസാപ്പൂക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ ചില ചെറുകിട-ഇടത്തരം സംരംഭങ്ങളുമായി സഹകരിച്ച് അഞ്ച് ഏക്കറിൽ റോസാപ്പൂകൃഷിയെ പിന്തുണക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭൂമി, കാർഷിക യന്ത്രങ്ങളെ പിന്തുണക്കുന്നതിനും ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനും പുറമേയാണിത്.
പദ്ധതി നടപ്പാക്കുന്നതിന് റോസ് കൃഷിക്കും അനുബന്ധ വ്യവസായങ്ങൾക്കുമുള്ള ഡേറ്റ ഉൾപ്പെടെ നിരവധി ലക്ഷ്യങ്ങളുണ്ടെന്ന് കാർഷിക, മത്സ്യബന്ധന വികസന ഫണ്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ഹനാൻ ബിൻത് സയീദ് അൽ സുലൈമിയ പറഞ്ഞു.
ജബൽ അഖ്ദറിലെ റോസ് അനുബന്ധ വ്യവസായങ്ങളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളിലൊന്നുമായി സഹകരിച്ച്, റോസ് ഓയിൽ വേർതിരിച്ചെടുക്കുന്നതിനുള്ള യന്ത്രങ്ങളുള്ള സ്ഥാപനങ്ങളെ പിന്തുണക്കാനും ലക്ഷ്യമിടുന്നുണ്ട്. അധികമായി അഞ്ച് ഏക്കർ പ്രാദേശിക റോസാപ്പൂകൃഷി വ്യാപിപ്പിക്കുന്നതിന് പിന്തുണ നൽകാനും ഉദ്ദേശിക്കുന്നുണ്ട്. കർഷകർക്ക് സൗജന്യമായി തൈകളും വിതരണം ചെയ്യും. ജബൽ അഖ്ദറിൽ ഉൽപാദനം മെച്ചപ്പെടുത്തുന്നതിനായി യന്ത്രവത്കരണം അവതരിപ്പിക്കുക, പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ ചെറിയ മാന്വൽ ടില്ലറുകൾ, മറ്റു സാധനങ്ങൾ എന്നിവ ഉപയോഗിച്ച് കർഷകരെ സഹായിക്കുക എന്നിവയും ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നുണ്ടെന്ന് ഹനാൻ ബിൻത് സയീദ് അൽ സുലൈമി വിശദീകരിച്ചു.
ജബൽ അഖ്ദറിൽ പനിനീർ പൂവിടുന്നത് മാർച്ച് മാസത്തിലാണ്. ഉയർന്ന ഉൽപാദനത്തിലെത്തുന്നത് ഏപ്രിലാണ്. മേയ് ആദ്യത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. പനിനീർ വിളവെടുപ്പ് സീസണിൽ കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കാറുണ്ട്. ഏഴ് ഏക്കറിലായി 5000ത്തില്പരം പനിനീര് ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്ന റോസ് വാട്ടര്‍ അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളവയാണ്. പനിനീർ നട്ടുവളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാനമാർഗമാണ്. അൽ ഐൻ, അൽ ശുറൈജ, സൈഖ്, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴ് ഏക്കറിൽ അയ്യായിരത്തിൽപരം പനിനീർ ചെടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.