സലാല- കേരള സെക്ടറിൽ സർവിസുകൾ പുനരാ​രംഭിക്കാതെ എയർ ഇന്ത്യ എക്സ്പ്രസ്; പ്രതിഷേധം ശക്തം

സലാല/ മസ്കത്ത്: മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടും സലാലയിൽനിന്നുള്ള സർവിസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്തം. മസ്കത്തിൽനിന്ന് കോഴി​ക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സർവിസുകൾ മെയ് അഞ്ചു മുതൽ പുനരാരംഭിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. മസ്കത്തിൽനിന്ന് കണ്ണൂർ, തിരുവനന്തപുരം സർവിസുകൾ ഏപ്രിൽ ആദ്യത്തിൽ പുനരാരംഭിച്ചിരുന്നു. ഇതോടെ മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും മെയ് അഞ്ചു മുതൽ പതിവുപോലെ ലഭ്യമാവും.

സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ടും കൊച്ചിയിലേക്ക് ഒരു സർവിസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. അവധിക്കാലമടുത്തിട്ടും സലാലയിൽനിനുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് അകാരണമസ്‍യി റദ്ദാക്കുന്നത് നിരവധി പ്രവാസികളെയാണ് വെട്ടിലാക്കിയത്. സലാലയിൽ നിന്നും കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലേക്ക്‌ മാർച്ച്‌ ഒന്നു മുതൽ എക്സ്പ്രസ് സർവിസുകൾ ആരംഭിക്കാനിരുന്നതാണ്. മാസങ്ങളായി നിർത്തി വെച്ചിരുന്ന സർവിസുകളാണിത്‌. എന്നാൽ, സലാലയിൽനിന്ന് മാർച്ച്‌ 28 വരെയുള്ള കൊച്ചി, കോഴിക്കോട് സർവിസുകൾ ഒരു കാരണവുമില്ലാതെ ഘട്ടം ഘട്ടമായി റദ്ദാക്കുകയായിരുന്നു.

മാർച്ച്‌ 29 മുതൽ സലാലയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്‌ സർവിസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സലാലയിലെ പ്രവാസികൾ. നാട്ടിൽ സ്കുൾ, പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞ്‌ അവധിക്കാലം ഒമാനിൽ ബന്ധുക്കളോടൊപ്പം ചെലവഴിക്കാനായി നിരവധി കുടുംബങ്ങളാണ് നേരത്തെ തന്നെ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ സർവിസുകൾ റദ്ദാക്കിയ സന്ദേശമാണ് യാത്രക്കാർക്ക് ലഭിച്ചത്. സലാലയിൽ നിന്നുള്ള മറ്റു വിമാന സർവിസുകൾ തടസ്സമില്ലാതെ നടത്തിവരുന്നുമുണ്ട്‌. മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽപോലും ഒമാനിലേക്കുള്ള സർവിസുകൾ കാര്യമായ തടസ്സമില്ലാതെ നടത്തിയിരുന്നു. സംഘർഷം ഏറ്റവും കുറഞ്ഞ തോതിൽ വിമാന സർവിസുകളെ ബാധിച്ചത് ഒമാനെയാണ്. സലാലയിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ ഉടൻ പുനരാരംഭിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Tags:    
News Summary - Air India Express fails to resume Salalah-Kerala services; protests intensify.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.