ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ

മസ്കത്ത്: മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള ആഗോള പ്രവർത്തനത്തിൽ ശ്രദ്ധേയമായ നേട്ടവുമായി ഒമാൻ സുൽത്താനേറ്റ്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) പുറത്തുവിട്ട 2026-ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒമാൻ നില മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷത്തെ 134-ാം സ്ഥാനത്തുനിന്ന് ഏഴ് സ്ഥാനം കടന്ന് 127-ആം റാങ്കിലാണ് ഒമാൻ ഇപ്പോൾ എത്തിയിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ അറബ് രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഒമാൻ. മൗറിത്താനിയ, ഖത്തർ, ലെബനൻ എന്നിവയാണ് ഒമാന് മുന്നിലുള്ള മറ്റു രാജ്യങ്ങൾ. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കിടയിലും ഒമാന്റെ ഈ മുന്നേറ്റം ഏറെ പ്രശംസിക്കപ്പെടുന്നതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒമാൻ ഈ സൂചികയിൽ ക്രമമായ പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. 2024 ൽ 137 ആം സ്ഥാനത്തായിരുന്നു ഒമാൻ. 2025ൽ 134 ആം സ്ഥാനത്തേക്ക് കയറി. ഇപ്പോൾ 127 ലേക്കും.

മാധ്യമ പ്രവർത്തനത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനും ആധുനിക മാധ്യമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഭരണകൂടം നൽകുന്ന പിന്തുണയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഇതേ സൂചികയിൽ ഇന്ത്യ 151-ാം സ്ഥാനത്താണ്. നോർവേയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. വിഷൻ 2040-ന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യവും വിവരസാങ്കേതിക വിദ്യയും സമ്മേളിക്കുന്ന ഒരു തുറന്ന മാധ്യമ അന്തരീക്ഷം സൃഷ്ടിക്കാനാണ് സുൽത്താനേറ്റ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് നിലവിൽ വന്ന പുതിയ ‘മാധ്യമ നയം’ മാധ്യമ മേഖലയിൽ കൊണ്ടുവന്ന സുതാര്യതയും പരിഷ്കാരങ്ങളുമാണ് റാങ്കിങ് മെച്ചപ്പെടാൻ പ്രധാന കാരണ. മീഡിയ നിയമവും അനുബന്ധ ചട്ടങ്ങളും വഴി ഉത്തരവാദിത്തപരമായ മാധ്യമപ്രവർത്തനത്തിനും മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തിനും പിന്തുണ നൽകുകയാണ് ഒമാൻ സുൽത്താനേറ്റ്.

ഒമാനിലെ മാധ്യമ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സുൽത്താൻ ഹൈതം ബിൻ താരീഖ് പുറപ്പെടുവിച്ച റോയൽ ഉത്തരവ് (58/2024) വഴിയാണ് പുതിയ മാധ്യമ നിയമം നിലവിൽ വന്നത്. ദശകങ്ങൾ പഴക്കമുള്ള മൂന്ന് നിയമങ്ങളെ (അച്ചടി-പ്രസിദ്ധീകരണ നിയമം 1984, സ്വകാര്യ റേഡിയോ-ടിവി നിയമം 2004, കലാപരമായ സൃഷ്ടികളുടെ സെൻസർഷിപ്പ് നിയമം 1997) ഏകോപിപ്പിച്ചാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ നില അളക്കുന്നതിനുള്ള പ്രധാന അന്താരാഷ്ട്ര സൂചികകളിൽ ഒന്നാണ് പ്രസ്സ് സ്വാതന്ത്ര്യ സൂചിക. മാധ്യമ വൈവിധ്യം, സ്വതന്ത്രത, നിയമപരമായ ഘടന, പത്രപ്രവർത്തകരുടെ സുരക്ഷ എന്നിവ ഉൾപ്പെടുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണിത് വിലയിരുത്തുന്നത്.

ആകെ 180 രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സാഹചര്യങ്ങൾ സുരക്ഷ, രാഷ്ട്രീയ പശ്ചാത്തലം, നിയമഘടന എന്നിവക്കൊപ്പം സാമ്പത്തിക-സാമൂഹിക ഘടകങ്ങളും പരിഗണിച്ചാണ് ഈ സൂചിക വിലയിരുത്തുന്നത്.

Tags:    
News Summary - Oman improves its position in the World Press Freedom Index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.