വാദി ബനീ ഖാലിദിൽ പക്ഷ​ിവേട്ട സംഘം പിടിയിൽ

മസ്‌കത്ത്: വടക്കൻ ശർഖിയ്യയിലെ വാദി ബനീ ഖാലിദിൽ പക്ഷിവേട്ട നടത്തിയ സംഘത്തെ പിടികുടിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കാട്ടുപക്ഷികളെ വേട്ടയാടിയ സംഘത്തെയാണ് പിടികൂടിയത്. വേട്ടക്കിരയായ പക്ഷികളെയും വേട്ടക്കുപയോഗിച്ച തോക്കും ഇവരിൽനിന്ന് കണ്ടെടുത്തു. കാട്ടുപക്ഷികളെ വേട്ടയാടിയത് രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണത്തിനായി അതീവ കർശനമായ നടപടികളാണ് ഒമാനിലെ പരിസ്ഥിതി അതോറിറ്റി സ്വീകരിച്ചു വരുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും ദേശാടനപ്പക്ഷികളെയും സംരക്ഷിക്കാൻ നിയമപരമായ പോരാട്ടത്തിനൊപ്പം ആധുനിക സാങ്കേതിക വിദ്യകളും അധികൃതർ ഉപയോഗിച്ചുവരുന്നു.

വന്യമൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നതോ വേട്ടയാടുന്നതോ പിടികൂടുന്നതോ പൂർണ്ണമായും സുലത്താനേറ്റിൽ നിരോധിച്ചിട്ടുണ്ട്. പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടാനോ അവയുടെ ശബ്ദം അനുകരിക്കാനോ ട്രാക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. ശാസ്ത്രീയ ആവശ്യങ്ങൾക്കായി മുൻകൂട്ടി അനുമതി വാങ്ങിയവർക്ക് മാത്രമേ ഇവ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

നിയമം ലംഘിക്കുന്നവർക്ക് കർശനമായ ജയിൽ ശിക്ഷയും പിഴയും ചുമത്താറുണ്ട് കുറ്റത്തിന്റെ തോതനുസരിച്ച് ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാം. 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഉപകരണങ്ങൾ ഉപയോഗിച്ച് വേട്ടയാടിയാൽ ഓരോ ഉപകരണത്തിനും 500 റിയാൽ വീതം അധിക പിഴയും ഈടാക്കും.

അതേസമയം, തദ്ദേശീയ പക്ഷികൾക്കും കൃഷിക്കും ഭീഷണിയാകുന്ന മൈന, കാക്കകൾ തുടങ്ങിയ അധിനിവേശ പക്ഷികളെ ഇല്ലാതാക്കാൻ അതോറിറ്റി പ്രത്യേക ദേശീയ കാമ്പയിനുകൾ നടത്തിവരുന്നുണ്ട്. ഇതിലൂടെ ദശലക്ഷക്കണക്കിന് അധിനിവേശ പക്ഷികളെയാണ് നിയന്ത്രിച്ചത്.

Tags:    
News Summary - Bird hunting gang caught in Wadi Bani Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.