രൂപക്ക് റെക്കോഡ് ഇടിവ്; ഒരു ഒമാനി റിയാലിന്റെ മൂല്യം 246.50 രൂപ !

മസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തിയതോടെ ഗൾഫ് വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. രൂപക്കെതിരെ ഒമാനി റിയാലിന്റെ മൂല്യം ഉയർന്നു. യു.എസ് ഡോളർ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഒമാനി റിയാലിന്റെ മൂല്യം വ്യാഴാഴ്ച പരമാവധി 246.50 രൂപ എന്ന നിലയിലെത്തി. 246 രൂപക്ക് മുകളിലായാണ് വിനിമയംനടക്കുന്നത്. ഇത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഗുണം ചെയ്യും. അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇടിഞ്ഞത്.

വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടു. ഡോളറിനെതിരെ രൂപ 95.12 മുതൽ 95.26 വരെ എന്ന താഴ്ന്ന നിരക്കിലെത്തി. ചരിത്രത്തിലാദ്യമായാണ് രൂപയുടെ മൂല്യം 95 കടക്കുന്നത്. ബുധനാഴ്ച, യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 94.88 രൂപ എന്ന നിലയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ചകളിൽ തുടർച്ചയായ മൂന്നാംതവണയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 5.8ശതമാനമാണ് ഇന്ത്യൻ രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ ഇടിവാണിത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 115-120 ഡോളറിന് മുകളിലെത്തി. എണ്ണ ഇറക്കുമതിക്കായി ഇന്ത്യക്ക് കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നതാണ് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയുടെ ഡിമാൻഡ് കുറയാൻ കാരണമായി.

രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിലെ സാധാരണക്കാരെ വിവിധ രീതികളിൽ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ ചുണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്യുന്ന ഇന്ധനം, ഇലക്ട്രോണിക്സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വില വർധിക്കുന്നത് ഇന്ത്യയിൽ പൊതുവായ വിലക്കയറ്റത്തിന് കാരണമാകും. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിനും മറ്റും കൂടുതൽ പണം കണ്ടെത്തേണ്ടി വരും. വിദേശ യാത്രകൾക്കും ചെലവ് കൂടും.

രൂപയുടെ തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ ഇടപെടുന്നുണ്ടെങ്കിലും, ആഗോള സാഹചര്യങ്ങൾ പ്രതികൂലമായി തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പശ്ചിമേഷ്യയിലെ യു.എസ്-ഇറാൻ സംഘർഷം ദീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണവില ബാരലിന് 120 ഡോളറിന് മുകളിൽ തന്നെ തുടരും. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിപ്പിക്കുകയും രൂപയെ കൂടുതൽ തളർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Rupee hits record low; value of one Omani Rial reaches 246.50 Rupees!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.