ഗൾഫ് നാടുകളിലെ ഇന്ത്യൻ സ്കൂളുകൾക്ക് ആശ്വാസം; സി.ബി.എസ്.ഇ.യുടെ പുതിയ ത്രിഭാഷാ പദ്ധതിയിൽ ഇളവുകൾ അനുവദിക്കും

മസ്കത്ത്: സി.ബി.എസ്.ഇ പുതുതായി പ്രഖ്യാപിച്ച ത്രിഭാഷാ നയത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഇളവുകൾ ലഭിക്കും. ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്നതാണ് പുതിയ പരിഷ്കാരം. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യവും പ്രവർത്തന രീതിയും കണക്കിലെടുത്താണ് വിദേശത്തുള്ള സ്കൂളുകൾക്ക് ഇതിൽ ഇളവ് നൽകാൻ ബോർഡ് തീരുമാനിച്ചത്.

ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി 2020) ഭാഗമായി 2026–27 അധ്യയന വർഷം മുതലാണ് ഒമ്പതാം ക്ലാസുകളിൽ പരിഷ്കരിച്ച ത്രിഭാഷാ ഘടന നടപ്പാക്കുന്നത്. ഈ വർഷം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഒമ്പതാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾ മൂന്ന് ഭാഷകൾ (ആർ-1, ആർ-2, ആർ-3) പഠിക്കേണ്ടതുണ്ട്. ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം. വിദേശ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളായി തെരഞ്ഞെടുക്കുകയോ, അല്ലെങ്കിൽ നാലാമതൊരു ഐച്ഛിക ഭാഷയായി വിദേശ ഭാഷ പഠിക്കുകയോ ചെയ്യാം.

ഒമാൻ ഉൾപ്പെടെയുള്ള വിദേശ സ്കൂളുകൾ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ, വിദേശത്തുനിന്നും മടങ്ങിയെത്തുന്ന വിദ്യാർഥികൾ എന്നിവർക്കാണ് അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കുക. ഇന്ത്യക്ക് പുറത്തുള്ള സി.ബി.എസ്.ഇ സ്കൂളുകൾക്ക് ഒരു ഇന്ത്യൻ ഭാഷ മാത്രം നിർബന്ധമാക്കിയാൽ മതിയെന്നതാണ് സി.ബി.എസ്.ഇയുടെ പുതിയ നിർദേശം.

 

ഇതനുസരിച്ച്, ആർ-1: ഇംഗ്ലീഷ്, ആർ-2: ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷ (മലയാളം, തമിഴ്, ഉറുദു, ഹിന്ദി തുടങ്ങിയവ), ആർ-3: അറബിക് അല്ലെങ്കിൽ മറ്റ് വിദേശ ഭാഷകൾ എന്നിങ്ങനെ പഠനം നടത്താം. വിദ്യാർഥികളുടെ പഠനഭാരം കുറക്കുന്നതിനായി, മൂന്നാമത് പഠിക്കുന്ന ഭാഷയ്ക്ക് (ആർ-3) പത്താം ക്ലാസിൽ ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല.

ഇതിന്റെ മൂല്യനിർണയം പൂർണമായും സ്കൂൾ തലത്തിൽ മാത്രമായിരിക്കും. അതേസമയം, ഈ മാർക്ക് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. മൂന്നാം ഭാഷയിലെ പ്രകടനത്തിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകില്ലെന്നും സി.ബി.എസ്.ഇ. വ്യക്തമാക്കിയിട്ടുണ്ട്.

ഒമ്പതാം ക്ലാസിലെ പ്രത്യേകം തയാറാക്കിയ പാഠപുസ്തകങ്ങൾ ലഭ്യമാകുന്നത് വരെ താൽക്കാലികമായി ആറാം ക്ലാസിലെ ആർ-3 പാഠ പുസ്തകം ഉപയോഗിച്ച് പഠനം നടത്താമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. അധ്യാപകരുടെ കുറവുള്ള സ്കൂളുകളിൽ താൽക്കാലിക ക്രമീകരണങ്ങളോ ഹൈബ്രിഡ് ക്ലാസുകളോ ഏർപ്പെടുത്താനും നിർദേശമുണ്ട്. സ്കൂളുകൾ ആറാം ക്ലാസ് മുതൽ ഒമ്പതാംക്ലാസ് വരെയുള്ള മൂന്നാം ഭാഷാ വിവരങ്ങൾ ഈ വർഷം ജൂൺ 30-നകം ഒയാസിസ് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം.

കൂടാതെ, ഗൾഫ് ഉൾപ്പെടെയുള്ള വിദേശ സ്കൂളുകൾക്കായി സി.ബി.എസ്.ഇ പ്രത്യേക ഗ്ലോബൽ കരിക്കുലം അവതരിപ്പിക്കാനും തയാറെടുക്കുകയാണ്. ഇത് നടപ്പാകുന്നതോടെ വിദേശത്തെ കുട്ടികളുടെ പഠനഭാരം കുറയുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

Tags:    
News Summary - Relief for Indian schools in the Gulf nations; relaxations will be allowed in CBSE's new three-language formula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.