കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അൽ ഹംറ വിലായത്തിൽ ജബൽ ശംസിൽ മേഘങ്ങൾ നീങ്ങുന്ന കാഴ്ച

മഴ തുടരും; ജാഗ്രതയും

മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്. മാർച്ച് 20 മുതൽ ബഹ്‍ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ബഹ്‌ലയിൽ 153 മില്ലീമീറ്ററും ബർക്കയിൽ 137 മില്ലീമീറ്ററും മസ്കത്തിലെ ബൗഷറിൽ 112 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. വാദി അൽ മആവിലിൽ 111 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ മുസന്നയിൽ 97 മില്ലിമീറ്ററും സീബിൽ 96 മില്ലിമീറ്ററും മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തു.

മസ്‌കത്ത് ഗവർണറേറ്റിലും മറ്റു വടക്കൻ പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴമേഘങ്ങളും ഇടിമിന്നലും ചൊവ്വാഴ്ച പുലർച്ചെ റഡാർ ദൃശ്യങ്ങളിൽ പതിഞ്ഞതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് അസ്ഥിര കാലാവസ്ഥാ രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

മസ്‌കത്ത് ഗവർണറേറ്റിന് പുറമെ, തെക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ പ്രദേശങ്ങളിൽ ഇടിമിന്നലിന്റെ അകമ്പടിയിൽ മഴ ലഭിച്ചു. മിക്ക പ്രദേശങ്ങളിലും കൂടുതൽ മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. രാജ്യവ്യാപകമായി പൊതുവെ മേഘാവൃതമായ അന്തരീക്ഷമാണുള്ളത്. അൽ വുസ്തയിൽ ഇടിമിന്നൽ തുടരുന്നതായും അധികൃതർ വിശദമാക്കി.

മഴക്കെടുതിയെ തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട മസ്കത്ത് ഗവർണറേറ്റിലെ ഇടങ്ങളിൽ മസ്കത്ത് മുനിസിപ്പാലിറ്റി ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. മഴ ബാധിത പ്രദേശങ്ങളിലുണ്ടായ തടസ്സങ്ങൾ നീക്കുക, നാശനഷ്ടങ്ങൾ കുറക്കുക, ജനജീവിതം വേഗത്തിൽ പുനസ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക

എന്നിവ ലക്ഷ്യമിട്ടാണ് വിവിധ ഫീൽഡ് പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.

തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ്, ബർക, മുസന്ന, അൽ അവാബി, നഖൽ, വാദി അൽ മആവിൽ വിലായത്തുകളിൽ ചൊവ്വാഴ്ച വ്യത്യസ്ത തീവ്രതകളിൽ മഴ ലഭിച്ചതായി ഗവർണറേറ്റിലെ അടിയന്തര മാനേജ്മെന്റ് ഉപസമിതിയുടെ കോഓർഡിനേറ്റർ സാലിം അഹ്മദ് അൽ ​സൈദി അറിയിച്ചു. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വാദികളുടെ സമീപത്തുമുള്ള താമസക്കാരിലും ജാഗ്രത ബോധവത്കരണം ശക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അസ്ഥിര കാലാവസ്ഥ തുടരുമ്പോഴും ഗതാഗതനിയമങ്ങൾ പാലിക്കുകയും സുരക്ഷിതമായ ഡ്രൈവിങ് തുടരുകയും ചെയ്യണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ മഴക്കെടുതി രൂക്ഷമായ തെക്കൻ ബാത്തിനയിലെ വിവിധ വിലായത്തുകളിൽ രക്ഷാ-താമസ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Rain will continue; caution advised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.