കേരളത്തിലെ പോലെ പച്ചപ്പാർന്ന മലനിരകളും വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും മഴയും നിറഞ്ഞ സലാല മനംകവരുന്ന കാഴ്ചകളാണ് സഞ്ചാരികൾക്കായി ഖരീഫ് സീസണിൽ ഒരുക്കിവെക്കുന്നത്
ഗൾഫിലെ പല രാജ്യങ്ങളിലും വേനൽച്ചൂട് 40 മുതൽ 50 ഡിഗ്രി സെൽഷ്യസിൽ നിൽക്കുമ്പോൾ, ഒമാനിലെ ദോഫാറിൽ കാഴ്ച മറ്റൊന്നാണ്. മലനിരകൾ പച്ചപുതക്കുന്നു, മൂടൽമഞ്ഞ് താഴ്‌വരകളെ മൂടുന്നു, വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നു. വേനൽക്കാലത്തും സുഖശീതള കാലാവസ്ഥ അനുഭവപ്പെടുന്ന ദോഫാറിനെ ഈ പച്ചപ്പിലേക്ക് മാറ്റുന്നത് ഖരീഫ് കാലമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നെത്തുന്ന മൺസൂൺ കാറ്റുകളാണ് ഖരീഫ് പ്രതിഭാസത്തിന് പിന്നിൽ. മൺസൂൺ കാറ്റ് ദോഫാർ മലനിരകളിൽ തട്ടിയെത്തുന്നതോടെ മൂടൽമഞ്ഞും ചാറ്റൽമഴയും രൂപപ്പെടുന്നു. ഇതോടെ സാധാരണ വരണ്ടുകിടക്കുന്ന മലകളും താഴ്‌വരകളും പച്ചപ്പണിയുന്നു. പച്ചപ്പാർന്ന കുന്നുകളിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്നു. മലനിരകളിൽനിന്ന് വാദികളിലേക്ക് തെളിനീരൊഴുകിയെത്തുന്നു.
അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗവും കൊടുംചൂടിൽ കഴിയുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ദോഫാറിൽ കാലാവസ്ഥ ഏറ്റവും മനോഹരമാകുന്നത്. ഖരീഫ് കാലത്ത് സലാലയിൽ ശരാശരി താപനില ഏകദേശം 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോൾ മലനിരകളിൽ ഇത് 21 ഡിഗ്രി വരെ താഴാറുണ്ട്. മൂടൽമഞ്ഞും മഴയും പച്ചപ്പും ഒരുമിച്ച് അനുഭവിക്കാൻ ജൂലൈ പകുതി മുതൽ ആഗസ്റ്റ് പകുതിവരെ മികച്ച സമയമായി കണക്കാക്കപ്പെടുന്നു. സെപ്തംബറോടെ മൺസൂൺ പിൻവാങ്ങുകയും പച്ചപ്പ് പതുക്കെ മങ്ങുകയും വെള്ളച്ചാട്ടങ്ങളിലെ ജലപ്രവാഹം കുറയുകയും ചെയ്യും.
പ്രകൃതിയുടെ ഈ മാറ്റത്തിനൊപ്പം ദോഫാറിന് ആയിരക്കണക്കിന് വർഷം പഴക്കമുള്ള മറ്റൊരു പ്രത്യേകതയുമുണ്ട്; ഫ്രാങ്കിൻസെൻസ് അഥവാ കുന്തിരിക്കം. ‘വെള്ള സ്വർണം’ എന്നറിയപ്പെടുന്ന ഫ്രാങ്കിൻസെൻസ് ദോഫാറിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നാണ്. പുരാതനകാലത്ത് ദോഫാറിൽ നിന്നുള്ള കുന്തിരിക്കം ഈജിപ്ത്, ഗ്രീസ്, റോം തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപാരപാതകളിലൂടെ കയറ്റുമതി ചെയ്തിരുന്നു. ഇന്നും ദോഫാറിൽ പ്രശസ്തമായ ഹോജാരി ഫ്രാങ്കിൻസെൻസ് ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഖരീഫ് കാലാവസ്ഥയുടെ പ്രത്യേകത കാരണം തെങ്ങുകളും വിവിധ ഉഷ്ണമേഖലാ പഴങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. സലാലയിലെ റോഡരികുകളിൽ കാണുന്ന പഴക്കടകളും തെങ്ങിൻതോപ്പുകളും ദോഫാറിന്റെ വ്യത്യസ്തമായ കാലാവസ്ഥയുടെ തെളിവാണ്.
ഖരീഫ് കാലത്ത് പ്രകൃതിയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണാൻ കഴിയുന്ന മേഖലകളിലൊന്നാണ് കിഴക്കൻ ദോഫാർ. സലാലയിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയുള്ള ഐൻ ഹുംറാൻ മുതൽ യാത്ര ആരംഭിക്കാം. തുടർന്ന് ഐൻ തബ്രൂഖ്, ബുർജ് അൽ അസ്കർ, കൂഫാൻ ഹെറിറ്റേജ് ലോഡ്ജ്, താഖാ കോട്ട, ഐൻ അഥൂം എന്നിവ സന്ദർശിക്കാം. ഏകദേശം 41 കിലോമീറ്റർ അകലെയുള്ള വാദി ദർബാത്ത് ഖരീഫ് കാലത്ത് വലിയൊരു തടാകമായി മാറുന്നതാണ് പ്രധാന ആകർഷണം. പച്ചപിടിച്ച മലനിരകൾക്കിടയിലെ ജലാശയവും സമീപത്ത് മേയുന്ന ഒട്ടകങ്ങളും ചേർന്ന കാഴ്ച സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവമാണ്. ബോട്ടുകളും കയാക്കുകളും ഇവിടെ ലഭ്യമാണ്. വാദി ദർബത്തിനടുത്തുള്ള സമ്ഹറാം ആർക്കിയോളജിക്കൽ പാർക്ക് ദോഫാറിന്റെ പുരാതന ചരിത്രത്തിലേക്കും യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിഴക്കൻ റൂട്ടിന്റെ അവസാന ഭാഗത്ത് മിർബാത്തും ജബൽ സമ്ഹാനും പ്രധാന ആകർഷണങ്ങളാണ്. മലനിരകളും കടൽക്കാഴ്ചകളും വന്യജീവി വൈവിധ്യവും ചേർന്ന ജബൽ സമ്ഹാൻ പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.
ദോഫാർ സന്ദർശിക്കുന്നവർക്ക് സലാല നഗരത്തിനുള്ളിലും നിരവധി അനുഭവങ്ങളുണ്ട്. സുൽത്താൻ ഖാബൂസ് മസ്ജിദ്, അൽ ഹുസ്ൻ പാലസ്, അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, അൽ ഹാഫ ബീച്ച്, സൂഖ് ഷാത്തി അൽ ഹാഫ എന്നിവ പ്രധാന കേന്ദ്രങ്ങളാണ്. പ്രത്യേകിച്ച് അൽ ഹാഫയിലെ സൂഖിൽ ഫ്രാങ്കിൻസെൻസ്, ഇൻസെൻസ് ബർണറുകൾ, പ്രാദേശിക സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ പരമ്പരാഗത രീതിയിൽ വിൽക്കുന്നത് ദോഫാറിന്റെ സംസ്കാരവുമായി അടുത്തറിയാൻ അവസരം നൽകുന്നു.നഗരത്തിൽ നിന്ന് കുറച്ച് ദൂരെയുള്ള ഐൻ റസാത്തും ഐൻ ഗർസീസും പച്ചപ്പും നീരുറവകളും നിറഞ്ഞ മറ്റൊരു ആകർഷണമാണ്.
കേരളത്തിലെ പോലെ പച്ചപ്പാർന്ന മലനിരകളും വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും മഴയും തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളും പച്ചക്കറിപ്പാടങ്ങളും നിറഞ്ഞ സലാല മനംകവരുന്ന കാഴ്ചകളാണ് സഞ്ചാരികൾക്കായി ഖരീഫ് സീസണിൽഒരുക്കിവെക്കുന്നത്. വഴിയരികിൽ കരിക്കും പൂവൻ പഴയും നേന്ത്രപ്പഴവുമെല്ലാം വിൽക്കുന്ന കടകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്.
കൂടുതൽ സാഹസികമായ യാത്ര ആഗ്രഹിക്കുന്നവർക്ക് പടിഞ്ഞാറൻ ദോഫാർ തിരഞ്ഞടുക്കാം. സലാലയിൽ നിന്ന് ഏകദേശം 47 കിലോമീറ്റർ അകലെയുള്ള മുഗ്സൈൽ ബീച്ച് പ്രധാന ആകർഷണമാണ്. കടൽ തിരമാലകൾ പാറക്കെട്ടുകളിലൂടെ ശക്തമായി ഉയർന്നുവരുന്ന ബ്ലോഹോളുകൾ ഖരീഫ് കാലത്ത് പ്രത്യേക കാഴ്ചയാണ്. ഷാത്ത് വ്യൂപോയിന്റ്, വാദി അഫൂൽ ബീച്ച്, അൽ ഫസായിഹ് പ്രദേശം എന്നിവയും ഈ റൂട്ടിലെ ശ്രദ്ധേയമായ കേന്ദ്രങ്ങളാണ്. ദൽഖൂത്ത്, സർഫൈത്ത് മേഖലകളിലേക്ക് നീങ്ങുമ്പോൾ പുരാതന ബയോബാബ് മരങ്ങളും കാണാം.
എന്നാൽ പടിഞ്ഞാറൻ ദോഫാറിലെ ചില പ്രദേശങ്ങളിലേക്കെത്തണശമങ്കിൽ ദുർഘടമായ പാതകൾ താണ്ടി ഉയർന്ന മലനിരകളിലെത്തണം. അതിനാൽ അനുയോജ്യമായ ഫോർ വീൽ വാഹനവും പരിചയസമ്പന്നനായ ഡ്രൈവറും ആവശ്യമാണ്.
പ്രകൃതി മാറുന്നതിനൊപ്പം ഖരീഫ് കാലത്ത് ദോഫാറിലെ ടൂറിസം മേഖലയിലും വലിയ മാറ്റമുണ്ടാകും. സലാലയാണ് ദോഫാർ ഗവർണറേറ്റിലെ പ്രധാന പട്ടണം. സലാലയിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസണായതിനാൽ ഹോട്ടൽ നിരക്കുകൾ സാധാരണ സമയത്തേക്കാൾ ഗണ്യമായി ഉയരും. സാധാരണ സമയത്ത് 15–25 ഒമാനി റിയാലിന് ലഭിക്കുന്ന ചില ബജറ്റ് താമസസൗകര്യങ്ങൾക്ക് ഖരീഫ് കാലത്ത് 40–60 റിയാൽ വരെ നൽകേണ്ടിവന്നേക്കാം. മിഡ്-റേഞ്ച് ഹോട്ടലുകൾക്ക് ഏകദേശം 50–130 റിയാൽ വരെയും പ്രീമിയം റിസോർട്ടുകൾക്ക് തിരക്കേറിയ ദിവസങ്ങളിൽ 250–450 റിയാൽ വരെയും നിരക്ക് ഉയരാം.
അതുകൊണ്ട് ഖരീഫ് കാലത്ത് സലാലയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ താമസസൗകര്യം നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതാണ് ഉചിതം. കേരളത്തിൽനിന്ന് സലാലയിലേക്ക് നേരിട്ട് വിമാന സർവിസുകളുണ്ട്. മസ്കത്തിലെത്തി അവിടെ നിന്ന് റോഡുമാർഗവും തിരിക്കാം. മസ്കത്തിൽനിന്ന് ഏകദേശം ആയിരത്തിലേറെ കിലോമീറ്റർ ദൈർഘ്യമുണ്ട് ദോഫാർ മേഖലയിലേക്ക്.
ഖരീഫ് കാലത്ത് പ്രകൃതി മനോഹരമാകുമ്പോഴും ചില അപകടസാധ്യതകളും ഒളിഞ്ഞിരിപ്പുണ്ട്. ശക്തമായ തിരമാലകളും കടൽപ്രവാഹങ്ങളും കാരണം ഖരീഫ് കാലത്ത് കടലിൽ നീന്തുന്നത് നിരോധിച്ചിട്ടുണ്ട്. പ്രകൃതിദത്ത നീരുറവകളിൽ വെള്ളത്തിന്റെ ആഴം കൂടുതലായിരിക്കാം. കുട്ടികളുമായി യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മലനിരകളിലെ ഈർപ്പമുള്ള റോഡുകളിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ വേഗത കുറക്കണം. മൂടൽമഞ്ഞുള്ള സമയങ്ങളിൽ കാഴ്ചപരിധി കുറയുന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
ദോഫാർ തണുപ്പും കോടയുമണിയുമ്പോഴും ഒമാനിന്റെ മറ്റു ഭാഗങ്ങളിൽ ചൂടുകാലം തന്നെയാണ്. മസ്കത്തിൽനിന്ന് ദോഫാറിലേക്കുള്ള പ്രധാന പാതയിൽ ആദം- ഹൈമ റൂട്ടിൽ കിലോമീറ്ററുകളോളം നോക്കെത്താ മരുഭൂമിയാണ്. പൊടിക്കാറ്റും മണൽക്കാറ്റും അലഞ്ഞുതിരിയുന്ന ഒട്ടകക്കൂട്ടങ്ങളും അപകടം ഒളിപ്പിച്ചിരിക്കുന്ന നെടുനീളൻ പാത. വരണ്ട ഭൂമി കടന്ന് നമ്മൾ പച്ചപ്പിലേക്ക് എത്തുമ്പോൾ നമ്മളും നമുക്കു ചുറ്റുമുള്ള കാഴ്ചകളും അടിമുടി മാറും. ഖരീഫിന്റെ മൂന്ന് മാസക്കാലം മറ്റൊരു ഒമാനെയാണ് ദോഫാർ മേഖലയിൽ നമുക്ക് കാണാനാവുക. വേനലിനിടയിലെ ഈ പച്ചക്കാലമാണ് ഖരീഫ്. ഗൾഫ് മേഖലയിലെ മൺസൂൺ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഒമാനിലെ ദോഫാർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പ്രകൃതിയുടെ അത്ഭുതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.