മസ്കത്ത്: മേഘാവൃതമായ അന്തരീക്ഷവും അസ്ഥിര കാലാവസ്ഥയും ദിവസങ്ങളായി തുടരുന്ന ഒമാനിൽ പലയിടത്തും കനത്ത മഴ പെയ്തു. വ്യാഴാഴ്ച വൈകീട്ടോടെ തുടങ്ങിയ മഴ, പല സമയങ്ങളിലായി വെള്ളിയാഴ്ച ഉച്ചവരെ പെയ്തു. മിക്കയിടത്തും നേരിയ മഴയാണെങ്കിൽ ബൗഷർ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്ത മഴ തന്നെ ലഭിച്ചു. ബൗഷറിൽ 46 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ഒമാൻ കടലിെൻറ തീരങ്ങളിലും മുസന്ദം, ബത്തീനയുടെ തെക്ക്-കിഴക്ക് ഭാഗങ്ങൾ, മസ്കത്ത്, അൽ ഹജർ പർവതനിരകൾ ബുറൈമി, ദാഹിറ, ദഖിലിയ മേഖലകളിലാണ് മഴയുണ്ടായത്. ബത്തീനയിലെ വിലായത്തുകളായ ഷിനാസ്, ലിവ, സോഹർ, സഹാം, അൽ ഖബൗറ, അൽ സുവൈക്ക് എന്നിവിടങ്ങളിൽ ശക്തമായ മിന്നലോടു കൂടിയായിരുന്നു മഴ പെയ്തത്.
റുസ്താക്, നഖൽ, വാദി അൽ മവാൽ തുടങ്ങിയ വിലായത്തുകളിലും ശക്തമായി മിന്നലുണ്ടായി. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി, യാങ്കുൽ, അൽ ദഖിലിയ ഗവർണറേറ്റ്, മസ്കത്ത് ഗവർണറേറ്റ് എന്നിവയുടെ വിലായത്തുകളിലും താരതമ്യേന ശക്തമായ മഴതന്നെയാണ് പെയ്തത്. ന്യൂനമർദം ശക്തിപ്പെട്ട സാഹചര്യത്തിൽ തുടർദിവസങ്ങളിലും മഴ കനക്കാനാണ് സാധ്യതയെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (പി.എ.സി.എ) സൂചിപ്പിച്ചു. അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും ഒമാൻ തീരപ്രദേശങ്ങളിലും മേഘങ്ങളുടെ വ്യാപനവും തീവ്രതയും ശക്തമായതിനാൽ തുടർച്ചയായ മഴക്ക് സാധ്യതയേറിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ധോഫർ ഗവർണറേറ്റിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും മസ്കത്ത്, തെക്കൻ ബത്തീന, അൽ ദാഹിറ, തെക്കൻ ഷാർഖിയ, അൽ ദഖ്ലിയ എന്നിവിടങ്ങളിൽ മഴ തുടരുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. അടുത്ത നാലു ദിവസത്തിനകം താപനില വീണ്ടും കുറഞ്ഞേക്കുമെന്ന് പി.എ.സി.എ അറിയിച്ചു. പർവത പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കനക്കാനും സാധ്യതയേറി. മഴ ശക്തിപ്പെടാൻ സാധ്യത കൂടുതലായതിനാൽ ജനങ്ങൾ അതി ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.
വാദികൾക്ക് സമീപത്ത് താമസിക്കുന്നവരും ഇതുവഴി സഞ്ചരിക്കുന്നവരും കരുതലെടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടലിൽ പോകുന്നവർ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടൽത്തീരങ്ങളിൽ സമയം ചെലവിടുന്നവരും ബീച്ചുകളിൽ എത്തുന്നവരും കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.