സലാല: നിലമ്പൂരിലെ ഇടതു സ്ഥാനാർഥിയുടെ വൻ പരാജയം ഇടതുപക്ഷ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് പ്രവാസി വെൽഫെയർ സലാല വർക്കിങ് കമ്മിറ്റി. വെൽഫെയർ പാർട്ടിയുടെ പേരിൽ വർഗീയത ആരോപിച്ചു ന്യൂനപക്ഷ വിരുദ്ധ വർഗീയത വളർത്തി വോട്ട് സമാഹരിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തിയതെന്ന് പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാറിന്റെ ഭരണപരാജയങ്ങളെ മറച്ചുവെക്കുവാനും മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും സംഘപരിവാർ ബന്ധത്തെ ഒളിച്ചു കടത്തുവാനുമുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്തുടനീളം ഇടതുപക്ഷം നടത്തിയതെന്നും ഈ നിലപാട് തുടരുന്ന പക്ഷം വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വൻ തിരിച്ചടിയേൽക്കുമെന്ന് വൈസ് പ്രസിഡന്റ് രവീന്ദ്രൻ നെയ്യാറ്റിൻകര പറഞ്ഞു.
എല്ലാ കള്ളപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ നിലമ്പൂരിലെ പ്രബുദ്ധരായ ജനങ്ങൾക്ക് നന്ദി പറയുന്നതായി ടീം വെൽഫെയർ ക്യാപ്റ്റൻ സബീർ വണ്ടൂർ പറഞ്ഞു.
മസ്കത്ത്: ഇടതു സർക്കാറിന്റെ മേലുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിലെ വിജയമെന്ന് കോൺഗ്രസ് നേതാവ് എൻ. ഒ. ഉമ്മൻ വാർത്താകുറിപ്പിൽ അറിയിച്ചു. ഭരണധൂർത്തും ആശമാരുടെ സമരം ഉൾപ്പെടെയുള്ള സാധാരണക്കാരുടെ വിഷയങ്ങളിൽ ഇടതു ഗവണ്മെന്റിന്റെ ധിക്കാരനിലപാടുകളും ജനങ്ങൾക്ക് പൊറുതിമുട്ടിയതിന്റെ തിരിച്ചടിയാണ് ഈ പരാജയം.
ഹിന്ദു മഹാസഭയും പി.ഡി.പിയും തെരഞ്ഞെടുപ്പിൽ മാത്രം ഉറക്കത്തിൽ നിന്ന് ഉണരുന്ന സാംസ്കാരിക പ്രവർത്തകാരുടെ സാന്നിധ്യവും ഉൾപ്പെടെ ഇടതു വോട്ട് ചോർച്ചക്ക് ആക്കം കൂട്ടി. ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഇടതുസർക്കാരിന്റെപെട്ടിയിൽ അടിച്ച അവസാനത്തെ ആണിയാണ്.
ഒമ്പതു വർഷത്തെ ദുർഭരണത്തിന്റെ ശക്തമായഎതിർപ്പ് ആര്യാടൻ ഷൗക്കത്തിന്റെയും അൻവർ നേടിയവോട്ടിന്റെയും വോട്ടുകൾ ചേർത്തുവായിക്കുമ്പോൾ മനസിലാകുമെന്നും എൻ. ഒ. ഉമ്മൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.