മസ്കത്ത്: പ്രവാസജീവിതത്തിെൻറ തിരക്കുകൾക്കിടയിൽ സ്വന്തം ഇഷ്ടങ്ങൾക്കും ഹോബികൾക്കും അവധികൊടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഹമരിയയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം എടപ്പാൾ സ്വദേശി നൗഷാദ് ഇതിൽനിന്ന് വ്യത്യസ്തനാണ്. പ്രവാസത്തിെൻറ ഇത്തിരിവട്ടത്തിലും പക്ഷിവളർത്തലിനെ സ്നേഹിക്കുന്ന നൗഷാദ് ബിസിനസ് തിരക്കുകൾക്കിടയിലും അവയെ പരിചരിക്കാൻ സമയം കണ്ടെത്തുന്നു.
ഹമരിയയിലെ നൗഷാദിെൻറ വീട്ടുമുറ്റത്ത് എത്തുന്നവരെ പക്ഷികളുടെ കളകൂജനങ്ങളാണ് സ്വാഗതം ചെയ്യുക. മയിൽ പ്രാവ്, ഡയമണ്ട് ഒാവ്, ആഫ്രിക്കൻ തത്ത, കോക്ക്ടെയിൽ എന്നിവക്കുപുറമെ കാടയും നൗഷാദ് വളർത്തുന്നു. ഇതോടൊപ്പം, സങ്കരയിനത്തിൽപെടുന്ന രണ്ടു പൂച്ചകളും മുയലും ഇവിടെ വളരുന്നു. പൂച്ചക്ക് അടക്കം പ്രത്യേക കൂടുകളും ഒരുക്കിയിട്ടുണ്ട്. പക്ഷി വളർത്തലിനോട് ചെറുപ്പം മുതലേ താൽപര്യം പ്രകടിപ്പിച്ചിരുന്ന നൗഷാദിന് രണ്ടു വർഷം മുമ്പ് പുതിയ വീട്ടിലേക്ക് മാറിയതോടെയാണ് തെൻറ ഹോബി പുനരാരംഭിക്കുന്നതിനെ കുറിച്ച ചിന്തയുണ്ടായത്. പ്രാവും ലവ് ബേഡ്സുമാണ് ആദ്യം വളർത്തി തുടങ്ങിയത്. പിന്നീട് കാടയെയും കോഴിയെയും വളർത്താൻ ആരംഭിച്ചു. മുട്ടക്ക് ആവശ്യക്കാർ ഏറിയതോടെ കോഴിയുടെയും കാടയുടെയും എണ്ണം വർധിപ്പിച്ചു.
ശാസ്ത്രീയമായ രീതിയിലാണ് കോഴിക്കും കാടക്കും കൂടൊരുക്കിയിരിക്കുന്നത്. ഇടുന്ന മുട്ടകൾ ചെരിവിലൂടെ ഉരുണ്ട് കൂടിന് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന നെറ്റിൽ വന്നുവീഴും. തീറ്റയും വെള്ളവുമെല്ലാം വെക്കാൻ കൂടിനോട് ചേർന്നും സജ്ജീകരണം ഒരുക്കിയിരിക്കുന്നു. ഭാര്യ നബീലയും മകൾ നജീഹയും പക്ഷികളുടെ പരിചരണത്തിന് സഹായിക്കാറുണ്ട്. മുയലിനെയും പൂച്ചയെയുമെല്ലാം കൂട്ടിൽനിന്ന് തുറന്നുവിടേണ്ട ചുമതല നജീഹക്കാണ്. ചെറിയ രീതിയിലുള്ള അടുക്കളത്തോട്ടവും ഇൗ വീട്ടിലുണ്ട്. വഴുതനയാണ് ഇപ്പോൾ കായ്ച്ചുനിൽക്കുന്നത്. കോവയ്ക്കയുടെ വിത്ത് പാകിയിട്ടുണ്ട്. തക്കാളിയും കുമ്പളവുമെല്ലാം നേരത്തേ ഉണ്ടായതായി നൗഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.