മസ്കത്ത്: പൊലീസ് ഉദ്യോഗസ്ഥരാണെന്നുപറഞ്ഞ് ആരെങ്കിലും തടഞ്ഞുനിർത്തിയാൽ അവരോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടാൻ മടിക്കരുതെന്ന് ആർ.ഒ.പി. പൊലീസ് ചമഞ്ഞ് ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം. തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം പൊലീസ് ചമഞ്ഞ് ആളുകളിൽനിന്ന് കവർച്ച നടത്തിയ മൂന്നു സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാധാരണ വസ്ത്രത്തിൽ എത്തിയ ആൾ യഥാർഥ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ഉറപ്പാക്കണം. അതിന് ശേഷം മാത്രമേ ആവശ്യപ്പെടുന്ന തിരിച്ചറിയൽ രേഖകൾ നൽകാൻ പാടുള്ളൂ. ഇത്തരം കവർച്ചക്കാർ കൂടുതലും ലക്ഷ്യമിടുന്നത് വിദേശികളെയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ നിസ്വയിൽ രണ്ട് ഏഷ്യൻ വംശജരെ പൊലീസ് ചമഞ്ഞെത്തിയവർ തട്ടിക്കൊണ്ടുപോയിരുന്നു. അന്വേഷണത്തിന് ഒടുവിൽ മസ്കത്തിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് ഇവരെ മോചിപ്പിച്ചിരുന്നു. മത്രയിലും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു. ഏഷ്യൻ വംശജനെ തടഞ്ഞുനിർത്തിയ ശേഷം രേഖകൾ ആവശ്യപ്പെടുകയും തുടർന്ന് തൊട്ടടുത്ത കെട്ടിടത്തിൽ കൊണ്ടുപോയ ശേഷം പണം കൊള്ളയടിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.