മസ്കത്ത്: ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ നിരോധിക്കുന്ന ദേശീയ പദ്ധതിയുടെ നാലാം ഘട്ടം ജനുവരി ഒന്നു മുതൽ നടപ്പാക്കുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പ്ലാസ്റ്റിക് മലിനീകരണം കുറക്കുകയും സുസ്ഥിര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2024 ജനുവരിയിൽ പുറത്തിറക്കിയ ഉത്തരവിന്റെ തുടർച്ചയായാണ് നടപടി. ഘട്ടം ഘട്ടമായി രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുകയാണ് ലക്ഷ്യം. 2027 ജൂലൈ ഒന്നോടെ ഒമാനിൽ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണമായി അവസാനിപ്പിച്ച് ‘പ്ലാസ്റ്റിക് മുക്ത ഒമാൻ’ ആണ് പരിസ്ഥിതി അതോറിറ്റി ലക്ഷ്യമിടുന്നത്. ജനുവരി ഒന്നു മുതൽ നടപ്പാക്കുന്ന പുതിയ ഘട്ടത്തിലൂടെ നിരോധനം കൂടുതൽ വ്യാപാര മേഖലകളിലേക്ക് വ്യാപിപ്പിക്കും. വിവിധ വാണിജ്യ സ്ഥാപനങ്ങൾ, സേവന മേഖലകൾ എന്നിവ ഇതിന്റെ പരിധിയിൽ വരുമെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
ഈത്തപ്പഴ വിൽപനക്കാർ, തേൻ വിൽപനക്കാർ, കുടിവെള്ള, വാട്ടർ പമ്പ് വിൽപനക്കാർ, ഓട്ടോമോട്ടിവ് പമ്പ് വിൽപനയും അവയുടെ സർവിസിങും, നവീന ജലസേചന സംവിധാനങ്ങളുടെ ചില്ലറ വിൽപനക്കാർ, ചെടികൾ വിൽക്കുന്ന നഴ്സറികൾ, കാർഷിക വിതരണ സ്റ്റോറുകൾ, പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയെയും അവയുടെ തീറ്റയും വിൽക്കുന്ന പെറ്റ്ഷോപ്പുകൾ, കെട്ടിട നിർമാണ വസ്തുക്കളുടെ ഔട്ട്ലറ്റുകൾ, കൃഷിയുമായി ബന്ധപ്പെട്ട രാസവസ്തുക്കൾ, കന്നുകാലി തീറ്റ, ധാന്യം, കീടനാശിനി തുടങ്ങിയവ വിൽക്കുന്നവർ, ഐസ്ക്രീം, കോൺ, നട്ട്സ്, ജൂസ് കടകളും മഷാക്ക് പോലെയുള്ള പരമ്പരാഗത ഭക്ഷണ ശാലകളും, വിൽപന ശാലകൾ, മില്ലുകൾ തുടങ്ങിയ മേഖലകളിലാണ് ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരിക. നിദേശം പാലിക്കാത്തവർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകി.
പരിസ്ഥിതി സംരക്ഷണത്തോടുള്ള ഒമാന്റെ പ്രതിബദ്ധതയും ഉത്തരവാദിത്വമുള്ള ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന സമീപനവുമാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ബന്ധപ്പെട്ട മേഖലകളിലെ സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറാൻ ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്നും അതോറിറ്റി നിർദേശിച്ചു.
ആശുപത്രി, ഫാർമസി, ക്ലിനിക്ക്, ഫർണിച്ചർ, ഹൗസ്ഹോൾഡ് കടകൾ, ഭക്ഷണ ശാലകൾ, പഴം,പച്ചക്കറി വിതരണ സ്ഥാപനങ്ങൾ, പാക്കിങ്, ഗിഫ്റ്റ് ഷോപ്പ്, ഫാബ്രിക് സ്റ്റോർ, ടെക്സ്റ്റൈൽസ്, ടെയ്ലറിങ്, കണ്ണടക്കടകൾ, മൊബൈൽ കടകൾ, സർവിസ് സെന്റർ, വാച്ച് സർവിസ്, ബേക്കറി, ബ്രഡ്, സ്വീറ്റ്സ് വിൽപന കടകൾ, കാൻഡി ഫാക്ടറി തുടങ്ങിയ മേഖലകളിൽ നിരോധനം നിലവിലുണ്ട്.
അടുത്തവർഷം ജൂലൈ ഒന്നുമുതൽ കാർ കെയർ സെന്റർ, കാർ ഏജൻസികൾ, ബ്ലാങ്കറ്റ് സ്റ്റോർ, സ്വർണം, വെള്ളി ആഭരണ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലും 2027 ജനുവരി ഒന്നുമുതൽ പ്രിന്റിങ് പ്രസ്, മത്സ്യ വിൽപന, മത്സ്യ ബന്ധന ബോട്ട് റിപ്പയർ വർക്ക്ഷോപ്, വാഹന റിപ്പയർ സ്ഥാപനം, വാഹന ഓയിൽ, ടയർ എന്നിവയുടെ വിൽപന, ഇലക്ട്രോണിക്സ് സ്റ്റോർ, സാനിറ്ററി ആൻഡ് ഇലക്ട്രിക്കൽ മെറ്റീരിയൽസ്, സ്റ്റേഷനറി, ഓഫിസ് സപ്ലൈസ് വിൽപന സ്റ്റോറുകൾ തുടങ്ങിയ മേഖലകളിലും പ്ലാസ്റ്റിക് നിരോധനം നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.