ഇന്ത്യൻ സ്കൂൾ ദാർസൈത്ത്
മസ്കത്ത്: മൂന്ന് വർഷത്തിലേറെയായി നടക്കാതിരുന്ന ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ പാരന്റ് ഓപൺ ഫോറം സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നടന്നു. രാവിലെ 10.30ന് തുടങ്ങിയ ഓപൺ ഫോറം വൈകീട്ട് ആറ് മണിയോടെയാണ് സമാപിച്ചത്. രക്ഷിതാക്കൾ ഉയർത്തിയ പ്രധാന ആവശ്യങ്ങളായ വർഷത്തിൽ ഏറ്റവും കുറഞ്ഞത് മൂന്ന് ഓപൺ ഫോറം, ടാസ്ക് ഫോഴ്സ് രൂപവത്കരണം, അക്കാദമികനിലവാരം മെച്ചപ്പെടുത്തൽ, വിദ്യാർഥികളുടെ സുരക്ഷസംബന്ധിച്ച ഉറപ്പുകൾ തുടങ്ങിയ ആവശ്യങ്ങളെല്ലാം സ്കൂൾ മാനേജ്മെന്റ് അംഗീകരിച്ചുവെന്ന് രക്ഷിതാക്കളുടെ പ്രതിനിധിയായ മനോജ് പെരിങ്ങേത്ത് അറിയിച്ചു.
മൂന്നാഴ്ച മുമ്പ് എസ്.എം.സി യോഗം ചേരുമ്പോൾ മനോജിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ ഓപൺ ഫോറം വിളിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഓപൺ ഫോറം വിളിച്ചുചേർക്കാൻ മാനേജ്മെന്റ് നിർബന്ധിതമായതെന്ന് രക്ഷിതാക്കൾ പറഞ്ഞു. പഠന-പഠനേതര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്ന ഓപൺ ഫോറങ്ങൾ വിൽസൺ ജോർജ് ചെയർമാനായിരിക്കുമ്പോഴാണ് സ്കൂളുകളിൽ വ്യാപകമായി ആരംഭിച്ചത്. ഏറ്റവും കുറഞ്ഞത് മൂന്ന് ഓപൺ ഫോറങ്ങളെങ്കിലും ചേരണം എന്നതായിരുന്നു അന്ന് ബോർഡിന്റെ തീരുമാനം. എന്നാൽ, പിന്നീട് വന്ന ബോർഡുകൾ അതിൽനിന്ന് ക്രമേണ വ്യതിചലിക്കുകയും കോവിഡ് കാലത്തോടെ പൂർണമായും അവസാനിപ്പിക്കുകയുമായിയിരുന്നു. മറ്റ് സ്കൂളുകളിലും ഓപൺ ഫോറങ്ങൾ പുനരാരംഭിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.