മസ്കത്ത് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ നടന്ന ഓശാന പെരുന്നാള്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ -ബിജു പരുമല
മസ്കത്ത്: യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശന ഓര്‍മയില്‍ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി. ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായി കഴുതപ്പുറത്തെത്തിയ ക്രിസ്തുവിനെ ജനക്കൂട്ടം ഒലിവിന് ചില്ലകളും ആര്‍പ്പുവിളികളുമായി ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്നതായി ആഘോഷം. ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന പെരുന്നാളിനോടനുബന്ധിച്ച് ഭക്തിനിർഭര ശുശ്രൂഷകളിലും പ്രത്യേക പ്രാർഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ഒമാനിലെ സലാലയില്‍നിന്നും നാട്ടിൽനിന്നും പ്രത്യേകം എത്തിച്ച കുരുത്തോലകളുമായാണ് വിശ്വാസികൾ ആഘോഷത്തിന്റെ ഭാഗമായത്.
ഓശാനയോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി. ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്മ പുതുക്കുന്ന ഇനിയുള്ള ഒരാഴ്ച ക്രൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥന ദിനങ്ങളാണ്. ക്രിസ്തുവിന്റെ പീഡാനുഭവത്തെയും പുനരുദ്ധാനത്തെയും അനുസ്മരിച്ച് പെസഹ, കാൽ കഴുകൽ, ദുഃഖവെള്ളി, ഉയിർപ്പ് തുടങ്ങി വിവിധ ശൂശ്രൂഷകളാണ് ഇനിയുള്ള ദിവസങ്ങളിൽ നടത്തപ്പെടുക. 50 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചാണ് വിശ്വാസികൾ പുനരുദ്ധാന പെരുന്നാൾ ആചരിക്കുന്നത്. റുവി, ഗാലാ, സുഹാർ, സലാല എന്നിവടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്തമാരും വൈദികരും കാർമികത്വം വഹിക്കും.
മസ്കത്ത് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹോണവർ മിഷന്റെ മെത്രാപ്പോലീത്ത യാക്കോബ് മാർ അന്തോണിയോസ് , ഗാലാ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം, ഗാലാ മൊര്‍ത്ത്ശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് തുടങ്ങിയ മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും കാർമികത്വത്തിലാണ് വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തുന്നത്.
മസ്കത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ തിങ്കൾ രാവിലെ വചനിപ്പ് പെരുന്നാൾ രാവിലെ 7.45ന് വിശുദ്ധ കുര്‍ബാന, ബുധനാഴ്ച വൈകീട്ട് 7.30 മുതൽ പെസഹ കുർബാന, വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ കാൽകഴുകൽ ശുശ്രൂഷ, വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ദുഃഖവെള്ളി ശുശ്രൂഷ, ശനിയാഴ്ച വൈകീട്ട് 6.30 ഉയിർപ്പ് ശുശ്രൂഷകൾ, സ്നേഹവിരുന്ന്.
സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തില്‍ തിങ്കളാഴ്ച തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി നയിക്കുന്ന സന്ധ്യാനമസ്കാരം, ധ്യാനപ്രസംഗം. ബുധന്‍ രാത്രി എട്ടിന് പെസഹാ ശുശ്രൂഷ, വെള്ളിയാഴ്ച്ച രാവിലെ പത്ത് മുതൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ, ശനിയാഴ്ച വൈകീട്ട് ഏഴ് മുതല്‍ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ.
അട്ടപ്പാടി സെന്റ് തോമസ് ആശ്രമം സുപ്പീരിയർ വന്ദ്യ വർഗീസ് ജോസഫ് അച്ചൻ ഇടവക വികാരി ഫാ. സാജു പാടാച്ചിറ എന്നിവർ കാർമികത്വം വഹിക്കും.
സലാല: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക ആഭിമുഖ്യത്തിൽ ഓശാന പെരുന്നാൾ കൊണ്ടാടി. ദാരീസിലെ ചർച്ച് സമുച്ചയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. ബേസിൽ തോമസ് കാർമികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ഓശാന പെരുന്നാൾ ആഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.