ദോഹയിലെ ഇസ്രായേൽ ആക്രമണം; ഖത്തറിന് പൂർണ പിന്തുണ അറിയിച്ച് ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്

 മസ്കത്ത്: ദോഹയിലെ ഇസ്രായേലിന്റെ ആക്രമണ പശ്ചാതലത്തിൽ ഖത്തറിന് പൂർണ പിന്തുണ അറിയിച്ച് ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ ​​ഫോൺ കാളിലാണ് പരമാധികാരത്തിനും സുരക്ഷക്കും എതിരായ ഇസ്രായേലിന്റെ ആക്രമണത്തെ നേരിടുന്നതിൽ ഖത്തറിന് ഒമാന്റെ അചഞ്ചലമായ പിന്തുണ അറിയിച്ചത്. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിൽ സുൽത്താനേറ്റിന്റെ നിലപാട് അദ്ദേഹം വീണ്ടും ഉറപ്പിച്ച് വ്യക്തമാക്കുകയും ചെയ്തു.

സംഭവം നടന്നയുടൻതന്നെ ശക്തമായി അപലപനവുമായി ഒമാൻ രംഗത്ത് എത്തിയിരുന്നു. മേഖലയുടെ സ്ഥിരതക്ക് ഭീഷണിയാകുന്നതും സമാധാനത്തിലേക്കുള്ള പാതയെ ദുർബലപ്പെടുത്തുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്തരം നടപടികൾ അന്താരാഷ്ട്ര കൺവെൻഷനുകൾ ലംഘിക്കുക മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങളുടെയും വഞ്ചനയുടെയും കുറ്റകൃത്യങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും പറഞ്ഞു. ഖത്തറിന്റെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങളോടും പിന്തുണ അറിയിച്ച ഒമാൻ, രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ സ്ഥിരമായ നിലപാട് ആവർത്തിക്കുകയും ചെയ്തു. മേഖലയിൽ കൂടുതൽ അസ്ഥിരത തടയുന്നതിന് ആഗോള സമൂഹം നിർണായകമായി പ്രവർത്തിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

ഹമാസ് നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷൽ ആസ്ഥാനം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ സ്ഫോടനം നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോ​ഹയിൽ നടക്കുന്നതിനിടെയാണ് ഹമാസ് നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം.

Tags:    
News Summary - Oman's Sultan Haitham bin Tariq expresses full support for Qatar after Israeli attack in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.