മസ്കത്ത്: മേഖലയിൽ യുദ്ധഭീതി പടരുന്ന സാഹചര്യത്തിൽ ഇറാനും യു.എസും തമ്മിൽ നടക്കാനിരിക്കുന്ന നിർണായകമായ ആണവ ചർച്ചക്ക് ഒമാൻ വേദിയാകുമെന്ന് സൂചന. ഇറാൻ- യു.എസ് ആണവ ചർച്ച വെള്ളിയാഴ്ച ഒമാനിൽ നടക്കുമെന്ന് അമേരിക്കൻ വാർത്താ വെബ്സൈറ്റായ ആക്സിയോസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. നേത്തെ തുർക്കിയയിലെ ഇസ്തംബൂളായിരുന്നു ചർച്ചവേദിയായി കണ്ടിരുന്നത്. ചർച്ചയുടെ വേദി തുർക്കിയയിൽനിന്ന് മാറ്റണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയാറായതായാണ് വിവരം. ചർച്ചയിൽ മധ്യേഷ്യയിൽനിന്നുള മറ്റു ചില രാജ്യങ്ങളും പങ്കാളികളായേക്കും. ഇതു സംബന്ധിച്ച ആലോചനകൾ തുടരുകയാണ്. ആണവ സംബന്ധമായ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉഭയകക്ഷി ചർച്ചകളിലേക്ക് അജണ്ട പരിമിതപ്പെടുത്താൻ ഇറാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ-യു.എസ് ആണവ ചർച്ചകൾ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. സംഘർഷം ലഘൂകരിക്കുന്നതിനും സാഹചര്യം വഷളാകുന്നത് തടയുന്നതിനും പ്രാദേശിക കക്ഷികൾ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അറബിക്കടലിൽ യു.എസ് വിമാനവാഹിനിക്കപ്പലിന് സമീപം ഇറാനിയൻ ഡ്രോൺ വെടിവച്ചിട്ടത് ഉൾപ്പെടെയുള്ള സമീപകാല സൈനിക നീക്കങ്ങൾ സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്.
ഇറാനിലേക്ക് യു.എസ് യുദ്ധക്കപ്പലുകൾ നീങ്ങുന്നതിനിടെ കരാർ കൈവരിക്കാനായില്ലെങ്കിൽ ‘അനിഷ്ടകരമായ കാര്യങ്ങൾ’ സംഭവിക്കാനിടയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചയുടെ രൂപവും അജണ്ടയും മാറ്റാൻ ആഗ്രഹിക്കുന്നതായി യു.എസ്. നയതന്ത്ര പ്രതിനിധി ചൂണ്ടിക്കാട്ടി. ആണവ വിഷയത്തിൽ മാത്രമാണ് അവർ ചർച്ച ചെയ്യാൻ താൽപര്യപ്പെടുന്നത്. എന്നാൽ, മറ്റ് വിഷയങ്ങളും ഉൾപ്പെടുത്താൻ യു.എസ് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, ഈ ആഴ്ച തന്നെ ഇറാനുമായുള്ള ചർച്ചകൾ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റ് ഫോക്സ് ന്യൂസിനോട് അറിയിച്ചു. കരാറുകളിൽ നിന്ന് പിന്മാറുന്നതും അതിൽ പരാജയപ്പെടുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഈ ആഴ്ച അവസാനം ഇറാനുമായുള്ള ചർച്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്ന വേദി സംബന്ധിച്ച കൂടിയാലോചനകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.