ഒമാനിൽ ഇന്ന് ദൈർഘ്യമേറിയ പകൽ; നിഴലുകൾ പൂർണമായും അപ്രത്യക്ഷമാകും

മസ്‌കത്ത്: ഒമാനിൽ ഇന്ന് അപൂർവ പകൽ. സുൽത്താനേറ്റിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക വരവറിയിച്ച് ഉത്തരായനാന്തം (സമ്മർ സോളിറ്റൈസ്) ഞായറാഴ്ച നടക്കും. ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിനും ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയും ഞായറാഴ്ച നടക്കും. ഈ ജ്യോതിശാസ്ത്ര വേനൽക്കാലത്തിന്റെ തുടക്കം ദോഫാർ ഗവർണറേറ്റിലെ പ്രസിദ്ധമായ ഖരീഫ് സീസണിന്റെ തുടക്കവുമായും ഒത്തുപോകുന്നെന്ന കൗതുകവുമുണ്ട്. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വീശുന്ന മൺസൂൺ കാറ്റും കാർമേഘങ്ങളും കാരണം പടിഞ്ഞാറ് ദൽഖൂത് മുതൽ കിഴക്ക് മിർബാത് വരെയുള്ള ദോഫാറിലെ തീരപ്രദേശങ്ങളിൽ ഈ പ്രത്യേക കാലാവസ്ഥ അനുഭവപ്പെടും. ജൂൺ 21-ന് ശേഷം വടക്കൻ അർധഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറയാൻ തുടങ്ങും. തുടർന്ന് സെപ്തംബർ 23-ഓടെ അടുത്ത ശരത്കാലത്തിന് തുടക്കമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ജ്യോതിശാസ്ത്ര കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വാർഷിക പ്രതിഭാസം വേനൽക്കാലത്തിലേക്കുള്ള മാറ്റത്തെയും ഭൂമിയും സൂര്യനും തമ്മിലുള്ള ബന്ധത്തെയുമാണ് സൂചിപ്പിക്കുന്നത്.ഈ വരുന്ന വേനൽക്കാലം ഏകദേശം 93 ദിവസവും 15 മണിക്കൂറും 40 മിനിറ്റും നീണ്ടുനിൽക്കും. ഞായറാഴ്ച ഒമാൻ സമയം ഉച്ചക്ക് 12.24നാണ് ഉത്തരായനാന്തം സംഭവിക്കുക. മസ്‌കത്തിൽ പുലർച്ചെ 5.20-ന് സൂര്യനുദിക്കുകയും ഉച്ചക്ക് 12.08-ഓടെ ആകാശത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദുവിലെത്തുകയും ചെയ്യും. വൈകുന്നേരം 6.56-നാണ് സൂര്യാസ്തമയം. മൊത്തം 13 മണിക്കൂറും 35 മിനിറ്റും 33 സെക്കൻഡും പകലിന് ദൈർഘ്യമുണ്ടാകും. ഉത്തരായനാന്തത്തിൽ സൂര്യൻ ഉത്തരായനരേഖക്ക് (ട്രോപിക് ഓഫ് കാൻസർ) നേരെ മുകളിലായിരിക്കുമെന്നതാണ്. ഈ രേഖ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഉച്ചസമയത്ത് നിഴലുകൾ പൂർണമായും അപ്രത്യക്ഷമാകും. ഈ ദിവസത്തോടെ സൂര്യന്റെ വടക്കോട്ടുള്ള സഞ്ചാരം (ഉത്തരായനം) അവസാനിക്കുകയും സൂര്യൻ തെക്കോട്ട് സഞ്ചരിക്കാൻ (ദക്ഷിണായനം) ആരംഭിക്കുകയും ചെയ്യുന്നു. 

Tags:    
News Summary - Longest day in Oman today; shadows will disappear completely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.