നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച; മാർഗനിർദേശം പുറപ്പെടുവിച്ച് ഒമാനിലെ ഇന്ത്യൻ എംബസി

മസ്കത്ത്: ഇന്ത്യയിലെ മെഡിക്കൽ/ഡെന്റൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച ഒമാനിൽ നടക്കും. ഓഫ്‌ലൈൻ രീതിയിൽ നടക്കുന്ന പരീക്ഷക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. സുഗമമായ പരീക്ഷാ നടത്തിപ്പിനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക മാർഗനിർദേശങ്ങളും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്കൂൾ മസ്കത്ത് ന്യൂ മൾട്ടിപർപ്പസ് ഹാൾ (ഇ- ബ്ലോക്ക്) ആണ് പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്. ഒമാൻ സമയം ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 3.45 വരെയാണ് പരീക്ഷാ സമയം. പരീക്ഷാ കേന്ദ്രത്തിന്റെ പ്രധാന കവാടം രാവിലെ 9.30-ന് തന്നെ തുറക്കും. അതേസമയം, 12 മണിക്ക് ഗേറ്റ് പൂർണമായും അടക്കും. സുരക്ഷാ പരിശോധനകളും രേഖകളുടെ പരിശോധനയും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ രാവിലെ 11.30 ന് മുമ്പുതന്നെ വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എംബസി കർശന നിർദേശം നൽകി. ഉച്ചക്ക് 12ന് ശേഷം എത്തുന്ന ഒരൊറ്റ പരീക്ഷാർഥിയെപ്പോലും പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല.

പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ ഔദ്യോഗിക പരീക്ഷാ അഡ്മിറ്റ് കാർഡ്, നിർദേശിച്ചിട്ടുള്ള വലുപ്പത്തിലുള്ള ഫോട്ടോകൾ, ഇന്ത്യൻ സർക്കാർ അംഗീകരിച്ച ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയോ നിലവിലെ സ്റ്റുഡന്റ് ഐഡി കാർഡോ ഏതെങ്കിലും ഒന്ന്) നിർബന്ധമായും കൈയിൽ കരുതണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നിഷ്കർഷിച്ചിട്ടുള്ള കർശനമായ ഡ്രസ് കോഡ് വിദ്യാർഥികൾ പാലിക്കണം. പരീക്ഷാ ഹാളിനുള്ളിലേക്ക് വിലക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റ് വസ്തുക്കളോ കൊണ്ടുവരാൻ അനുവദിക്കില്ല. എൻ.ടി.എ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ പൊതുമാർഗനിർദേശങ്ങളും പരീക്ഷാർഥികൾ പൂർണമായും പാലിക്കണമെന്ന് ഒമാൻ ഇന്ത്യൻ എംബസി അറിയിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ മെയ് മൂന്നിന് മസ്കത്തിലെ ഇന്ത്യൻ സ്കൂളിൽ നടന്ന നീറ്റ് പരീക്ഷയിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു. എന്നാൽ, ഇന്ത്യയിൽ നടന്ന പരീക്ഷാ ക്രമക്കേടിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. ഇത് നിരവധി പ്രവാസി വിദ്യാർഥികളെയാണ് പ്രയാസപ്പെടുത്തിയത്. പലരും പരീക്ഷയെഴുതാനായി മാത്രം നാട്ടിൽനിന്ന് തിരിച്ച് മസ്കത്തിലെത്തേണ്ടിവന്നു.

Tags:    
News Summary - NEET Re-exam: Indian Embassy in Oman issues guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.