ദോഫാർ ഖരീഫ് സീസണിന് ആരംഭം

സലാല: ഒമാന്റെ വിസ്മയകരമായ വിനോദ സഞ്ചാര സീസണായ ദോഫാർ ഖരീഫിന് ഞായറാഴ്ച മുതൽ ഔദ്യോഗിക തുടക്കമാവും. സെപ്തംബർ 21 വരെ നീളുന്ന ഈ സീസണിൽ ദോഫാർ ഗവർണറേറ്റ് പച്ചപ്പണിഞ്ഞ് ആഗോള സഞ്ചാരികളെ വരവേൽക്കും. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വീശുന്ന കാറ്റിന്റെ ഫലമായുണ്ടാകുന്ന മൺസൂൺ പ്രതിഭാസമാണ് ദോഫാറിലെ തീരപ്രദേശങ്ങളിൽ ചാറ്റൽമഴയും തണുത്ത കാലാവസ്ഥയും സമ്മാനിക്കുന്നത്. പടിഞ്ഞാറ് ദൽഖൂത്ത് മുതൽ കിഴക്ക് മിർബാത്ത് വരെയുള്ള പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞും പച്ചപ്പും രൂപപ്പെടുന്നതോടെ, കടുത്ത വേനൽക്കാലത്ത് ഗൾഫ് മേഖലയിലെ ഏറ്റവും സവിശേഷമായ ഒരു വിനോദസഞ്ചാര കേന്ദ്രമായി ദോഫാർ മാറും.

സീസൺ ആരംഭിക്കുന്നതോടെ ഗവർണറേറ്റിലെ പ്രകൃതിദത്ത ആകർഷണങ്ങളെല്ലാം സജീവമാകും. ഐൻ റസാത്, ഹംറാൻ, ജർസീസ്, സഹൽനൂത്, തബ്രക് തുടങ്ങിയ പ്രശസ്തമായ നീരുറവകളിലെ ജലപ്രവാഹം വർധിക്കും. വാദി ദർബാത്, അതൂം, കുർ, ജുജാബ്, അൽ-ഹൗത്ത തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ കാണാൻ നിരവധി സന്ദർശകരെത്തും. പ്രകൃതിഭംഗിക്ക് പുറമെ, സമ്പന്നമായ സാംസ്കാരിക-ചരിത്ര പൈതൃകവും ദോഫാർ സമ്മാനിക്കുന്നുണ്ട്. പുരാതന കുന്തിരിക്ക വ്യാപാരവുമായി ബന്ധപ്പെട്ട അൽ ബലീദ് പുരാവസ്തു പാർക്ക്, സംഹുറാം പുരാവസ്തു കേന്ദ്രം, വാദി ദൗക, ഉബാർ പുരാവസ്തു കേന്ദ്രം തുടങ്ങിയ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങൾ ഇവിടെയുണ്ട്.

കൂടാതെ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് മ്യൂസിയം,റക്യൂത്ത്, താഖ, മിർബാത്, സദ എന്നിവിടങ്ങളിലെ ചരിത്രപ്രധാനമായ കോട്ടകളും സന്ദർശകർക്ക് പര്യവേക്ഷണം ചെയ്യാം. ഖരീഫ് സീസൺ പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവനയാണ് നൽകുന്നത്. കുന്തിരിക്കം, സുഗന്ധദ്രവ്യങ്ങൾ, വെള്ളി ആഭരണങ്ങൾ, മൺപാത്രങ്ങൾ, ഒമാനി ഹൽവ തുടങ്ങിയ പരമ്പരാഗത ഉൽപന്നങ്ങൾക്കും പ്രാദേശിക വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റുകൾക്കും ഈ കാലയളവിൽ നല്ല കച്ചവടം ലഭിക്കും. ദോഫാറിലെ ഫലഭൂയിഷ്ഠമായ സലാല സമതലം കരിമ്പ്, തെങ്ങ്, വാഴ, പപ്പായ തുടങ്ങിയ ഉഷ്ണമേഖലാ കൃഷികൾക്ക് പേരുകേട്ടതാണ്.

സഞ്ചാരികളെ സ്വീകരിക്കുന്നതിനായി റോഡുകൾ, ടൂറിസ്റ്റ് ഫെസിലിറ്റികൾ, സന്ദർശക സേവനങ്ങൾ എന്നിവ നവീകരിച്ച് സർക്കാർ-സ്വകാര്യ മേഖലകൾ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സലാല വിമാനത്താവളത്തിലേക്ക് കൂടുതൽ നേരിട്ടുള്ള പ്രാദേശിക വിമാന സർവീസുകൾ ആരംഭിച്ചതും സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവിന് കാരണമാകും.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻ ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) കണക്കുകൾ പ്രകാരം 2025-ലെ ഖരീഫ് സീസണിൽ 10.7 ലക്ഷത്തിലധികം (1.07 മില്യൺ) സന്ദർശകരാണ് ദോഫാറിലെത്തിയത്. 2024-നെ അപേക്ഷിച്ച് 2.1 ശതമാനവും 2023-നെ അപേക്ഷിച്ച് 11.3 ശതമാനവും വളർച്ചയാണ് 2025ൽ രേഖപ്പെടുത്തിയത്.

2023-ൽ 103 മില്യൺ റിയാലും 2024-ൽ 121 മില്യൺ റിയാലുമായിരുന്നു സന്ദർശകർ ഖരീഫ് സീസണിൽ ചെലവഴിച്ച ആകെ തുക. എന്നാൽ, ഇത് 2025-ൽ ഏകദേശം 125 മില്യൺ ഒമാനി റിയാലായി ഉയർന്നു.

ശീതളമായ കാലാവസ്ഥയും പച്ചപ്പും പ്രകൃതിദത്ത-സാംസ്കാരിക ആകർഷണങ്ങളുമായി ഒമാന്റെ ഏറ്റവും സവിശേഷമായ ഈ വിനോദസഞ്ചാര സീസണിൽ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയണ് ദോഫാർ വീണ്ടും സ്വീകരിക്കാൻ ഒരുങ്ങുന്നത്.

Tags:    
News Summary - Dhofar Kharif season begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.