പ്രവാസികൾക്ക് നിർബന്ധിത സമ്പാദ്യ പദ്ധതിയുമായി ഒമാൻ

മസ്‌കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് സാമൂഹിക സുരക്ഷാ ഫണ്ട് (എസ്.പി.എഫ്) പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. 2027 മുതൽ പ്രവാസികൾക്കായി നിർബന്ധിത സമ്പാദ്യ പദ്ധതി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിദേശി തൊഴിലാളികൾക്ക് മികച്ച സാമ്പത്തിക ആസൂത്രണം ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. രണ്ടു വർഷത്തിനുള്ളിൽ നടപ്പാക്കുന്ന വിവിധ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് വിശദീകരിക്കവെയാണ് സോഷ്യൽ പ്രൊട്ടക്ഷൻ അഫയേഴ്സ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഷബീബ് അൽ ബുസൈദി പ്രവാസികൾക്കായി നടപ്പാക്കുന്ന നിർബന്ധിത സമ്പാദ്യ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത്.

പുതിയ സംവിധാനമനുസരിച്ച്, പ്രവാസി ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പതു ശതമാനം തുക ഈ സമ്പാദ്യ പദ്ധതിയിലേക്ക് മാറ്റും. തൊഴിലാളികൾക്ക് അവരുടെ സേവന കാലാവധി അവസാനിക്കുമ്പോൾ ഒരു നിശ്ചിത സാമ്പത്തിക കരുതൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള സർവിസ് ആനുകൂല്യങ്ങൾക്ക് പകരമായോ അല്ലെങ്കിൽ അതിന് അനുബന്ധമായോ പ്രവർത്തിക്കുന്ന കൂടുതൽ സുതാര്യമായ സംവിധാനമായാണ് നിർബന്ധിത സമ്പാദ്യ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ മറ്റു വിശദാംശങ്ങൾ വൈകാതെ അധികൃതർ വ്യക്തമാക്കിയേക്കും.

അതേസമയം, ഈ വർഷം തന്നെ സിക്ക് ലീവ് ഇൻഷുറൻസ് ആരംഭിക്കും. രോഗബാധിതരായി ജോലിക്ക് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ വരുമാന സംരക്ഷണം ഉറപ്പാക്കാനായാണ് സിക്ക് ലീവ് ഇൻഷുറൻസ് ആരംഭിക്കുന്നത്. ശമ്പളത്തിന്റെ ഒരു ശതമാനമായിരിക്കും ഇതിലേക്കുള്ള വിഹിതം.ഇതിനു പുറമെ, 2028 ഓടെ തൊഴിൽ പരിരക്ഷാ ഇൻഷുറൻസും നടപ്പാക്കും. ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങൾക്കും പരിക്കുകൾക്കും പരിരക്ഷ നൽകുന്ന ഇൻഷുറൻസ് 2028 മുതൽ പ്രവാസികൾക്കും ലഭ്യമാകും. പരിക്കുകൾക്ക് 3,000 റിയാൽ വരെ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഈ പദ്ധതിക്കായി ശമ്പളത്തിന്റെ ഒരു ശതമാനമാണ് വിഹിതമായി നൽകേണ്ടത്.

ഒമാനിലെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ആധുനികവൽകരിക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തി തൊഴിൽ വിപണിയെ കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

Tags:    
News Summary - Oman introduces mandatory savings scheme for expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.