മസ്‌കത്ത്: ജീവനക്കാരന്റെ കാര്യക്ഷമതക്കുറവ് മാത്രം കാരണമായി കാണിച്ച് ജോലിയിൽനിന്ന് പിരിച്ചുവിടരുതെന്നും തൊഴിൽ പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യമായ സമയം ജീവനക്കാർക്ക് നൽകണമെന്നും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
ജീവനക്കാരന്റെ പ്രകടനത്തിലെ പോരായ്മകൾ ഏതെല്ലാമാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുകയും, അത് മെച്ചപ്പെടുത്തുന്നതിനായി ആവശ്യമായ സമയം നൽകുകയും ചെയ്യാതെ പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കരുതെന്ന് ഫെഡറേഷൻ പുറത്തിറക്കിയ ബോധവൽകരണ കുറിപ്പിൽ തൊഴിലുടമകളോട് നിർദേശിച്ചു.
ഒരു കമ്പനിയിലെ തൊഴിലാളികൾക്ക് ലഭിച്ച നോട്ടീസിന്റെ പശ്ചാത്തലത്തിലാണ് ഫെഡറേഷൻ ഈ നിർദേശം മുന്നോട്ടുവെച്ചത്. ജീവനക്കാരുടെ പ്രകടനം മതിയായ കമ്പനി ഉദ്ദേശിച്ച തലത്തിലെത്തിയില്ലെന്നും നിശ്ചിത സമയത്തിനുള്ളിൽ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ജോലിയിൽനിന്ന് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് കമ്പനി തൊഴിലാളികൾക്ക് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഏത് മേഖലയിലാണ് തൊഴിലാളികൾക്ക് കാര്യക്ഷമതക്കുറവ് ഉള്ളതെന്നോ, അവരുടെ പ്രകടനം ഏത് നിലവാരത്തിലേക്ക് ഉയർത്തണമെന്നോ നോട്ടീസിൽ വ്യക്തമാക്കിയിരുന്നില്ല. കൂടാതെ പ്രകടനം മെച്ചപ്പെടുത്താനായി കമ്പനി ജീവനക്കാർക്ക് നൽകിയ കാലാവധി മൂന്ന് മാസത്തിൽ താഴെ മാത്രമായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ കേവലം ‘കാര്യക്ഷമതയില്ല’ എന്ന് പറയുന്നത് മാത്രം പിരിച്ചുവിടലിന് പര്യാപ്തമായ കാരണമല്ലെന്നും ഒമാനിലെ തൊഴിൽ നിയമം കൃത്യമായ മാനദണ്ഡങ്ങൾ അനുശാസിക്കുന്നുണ്ടെന്നും ജനറൽ ഫെഡറേഷൻ വ്യക്തമാക്കി.
ജീവനക്കാരന്റെ കൃത്യമായ പോരായ്മകളും പ്രകടനത്തിലെ കുറവുകളും എന്തൊക്കെയാണെന്ന് അവരെ തൊഴിലുടമകൾ കൃത്യമായി അറിയിക്കണം. ഈ പോരായ്മകൾ പരിഹരിക്കാനും ആവശ്യമായ കാര്യക്ഷമത കൈവരിക്കാനുമായി തൊഴിലാളിക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും അനുയോജ്യമായ സമയം നൽകണം. കാര്യക്ഷമതക്കുറവിന്റെ പേരിൽ ഒരു തൊഴിലാളിയെ പിരിച്ചുവിടാൻ തൊഴിലുടമ ഉദ്ദേശിക്കുന്നുവെങ്കിൽ, കരാർ റദ്ദാക്കുന്ന തീയതിക്ക് മൂന്ന് മാസം മുമ്പ് അക്കാര്യം തൊഴിൽ മന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
തൊഴിൽപരമായ ഇത്തരം മുന്നറിയിപ്പുകൾ ലഭിക്കുന്ന ജീവനക്കാർ നോട്ടീസിന്റെ പകർപ്പ് കൈപ്പറ്റണമെന്നും അതിൽ തങ്ങൾക്കെതിരെ ഉന്നയിച്ചിരിക്കുന്ന പോരായ്മകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഫെഡറേഷൻ നിർദേശിച്ചു. പെർഫോമൻസ് വിലയിരുത്തലുകൾ, തൊഴിലുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ, കമ്പനിയുമായി നടത്തിയ ഇമെയിൽ ഉൾപ്പെടെയുള്ള ആശയവിനിമയങ്ങൾ എന്നിവയുടെ രേഖകൾ ജീവനക്കാർ സൂക്ഷിക്കേണ്ടതാണ്. ഭാവിയിൽ എന്തെങ്കിലും തർക്കങ്ങളുണ്ടായാൽ ഈ രേഖകൾ സുപ്രധാന തെളിവുകളായി മാറും.
തൊഴിലുടമ അനുവദിക്കുന്ന ഇംപ്രൂവ്മെന്റ് കാലയളവിൽ പോരായ്മകൾ പരിഹരിക്കാൻ തൊഴിലാളികൾ ശ്രമിക്കുകയും അതിനായി സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തുകയും വേണം. കാര്യക്ഷമതക്കുറവ് ചൂണ്ടിക്കാട്ടി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, ആ തീരുമാനം നിയമവിരുദ്ധമാണെന്നോ നടപടിക്രമങ്ങൾ പാലിച്ചല്ലെന്നോ തൊഴിലാളിക്ക് ബോധ്യപ്പെടുകയോ ചെയ്താൽ ബന്ധപ്പെട്ട അധികാരിക്ക് പരാതി സമർപ്പിക്കാം. പിരിച്ചുവിടൽ തീരുമാനം അറിയിച്ച തീയതി മുതൽ 30 ദിവസത്തിനകം ഇത്തരം പരാതികൾ സമർപ്പിക്കണമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.