മസ്‌കത്ത്: ഒമാനിൽ പൊതുധാർമികതക്ക് നിരക്കാത്ത രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രവാസിക്ക് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടാനും ഉപകരണം കണ്ടുകെട്ടാനും മസ്‌കത്ത് പബ്ലിക് പ്രൊസിക്യൂഷൻ നിർദ്ദേശിച്ചു.
സീബ് വിലായത്തിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് കേസിൽ വിധി പുറപ്പെടുവിച്ചത്. അറബ് പൗരത്വമുള്ള ‘ജൂഡി ജിഹാദ് ജാദൂ’ എന്ന അക്കൗണ്ട് ഉടമയാ പ്രതി. ഇന്റർനെറ്റും വിവരസാങ്കേതികവിദ്യയും ദുരുപയോഗം ചെയ്ത് പൊതുധാർമ്മികതക്ക് നിരക്കാത്ത കണ്ടന്റ് നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷ. പ്രതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നടത്തിയ ഒരു ലൈവിനിടെ പൊതുസമൂഹത്തിന് നിരക്കാത്ത രീതിയിലുള്ള പെരുമാറ്റവും ഉള്ളടക്കവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്.
തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറുകയായിരുന്നു. ബോധവൽകരണത്തിനായി ശിക്ഷാ വിവരങ്ങൾ പൊതുജന മധ്യത്തിൽ പ്രസിദ്ധീകരിക്കാനും കോടതി നിർദേശിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഈ കേസ് അടിവരയിടുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പൊതുസമാധാനത്തിനോ പൊതുധാർമ്മികതക്കോ വിരുദ്ധമായ ഒരുവിധ സാമഗ്രികളും സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഒമാനി സമൂഹത്തിന്റെ പരമ്പരാഗത മൂല്യങ്ങളും ധാർമ്മികതയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രൊസിക്യൂഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.