മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ –കേരള വിഭാഗത്തിന്റെ മുൻ കലാവിഭാഗം സെക്രട്ടറിയും ഒമാനിലെ പ്രവാസി നാടകവേദിയിലെ സജീവ സാന്നിധ്യവുമായിരുന്ന പി.വി. മാധവൻ നിര്യാണത്തിൽ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതവും സ്പോർട്സ് സെക്രട്ടറി ബിബിൻ ദാസ് നന്ദിയും പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, മുൻ കോ കൺവീനർ വിജയൻ കെ വി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
നാടകമായിരുന്നു മാധവേട്ടന്റെ പ്രധാന പ്രവർത്തനമേഖലയെന്ന് യോഗം അനുസ്മരിച്ചു. ഒമാനിലെ പ്രവാസി നാടകവേദിയുമായി ആഴത്തിൽ ബന്ധപ്പെട്ടുനിന്ന അദ്ദേഹം നാടകപ്രവർത്തകനായും സംഘാടകനായും കലാസ്നേഹിയായും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. നാടകത്തെ കേവലം ഒരു കലാരൂപമായി കാണാതെ, മനുഷ്യബന്ധങ്ങളെയും സാമൂഹിക ജീവിതത്തെയും അടയാളപ്പെടുത്തുന്ന സാംസ്കാരിക ഇടമായി സമീപിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒമാനിലെ മലയാളി കലാസമൂഹത്തിൽ വ്യക്തമായ അടയാളം പതിപ്പിച്ചു.
കേരള വിഭാഗത്തിന്റെ കലാവിഭാഗം സെക്രട്ടറിയായിരുന്ന കാലയളവിലും നാടകത്തിനും മറ്റ് കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നേതൃത്വം ഏറെ വിലപ്പെട്ടതായിരുന്നു. സഹപ്രവർത്തകരോടും കലാകാരന്മാരോടും പുലർത്തിയ സൗഹൃദവും കലാപ്രവർത്തനങ്ങളോടുള്ള ആത്മാർത്ഥതയും അദ്ദേഹത്തെ വ്യത്യസ്തനാക്കിയതായി യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.
ഷാജി കലാണ്ടിയിൽ, ശ്രീവിദ്യ രവീന്ദ്രൻ, വിനോദ് കുമാർ, ദിനേശ് ബാബു, സന്തോഷ് പിള്ള, ബാബുരാജ് നമ്പൂതിരി, മനോജ് പെരിങ്ങേത്, നിഷാന്ത് ചന്ദ്രൻ, അരുൺ, ശ്രീകല ടീച്ചർ, ബാബു മാസ്റ്റർ, പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.