ജാബിർ അൽ അഹമ്മദിലെ ജാബിർ മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നു,
കുവൈത്ത് സിറ്റി: കുവൈത്തിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജാബിർ അൽ അഹമ്മദിലെ ജാബിർ മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ കുവൈത്തിലെ ലുലു സ്റ്റോറുകളുടെ എണ്ണം 19 ആയി.
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നിയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ കംബൈൻഡ് ഗ്രൂപ്പ് വൈസ് ചെയർമാൻ റാദ് ഖലഫ് അൽ അബ്ദുല്ല പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുവൈത്തിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുകയാണെന്നും അഞ്ച് പുതിയ പദ്ധതികൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. അൽ ഷദാദിയയിൽ കുവൈത്തിലെ ലുലുവിന്റെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കേന്ദ്രം തുറക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു. പുതിയ തൊഴിലവസരങ്ങൾക്കൊപ്പം പ്രാദേശിക വികസനത്തിന് കൂടിയാണ് ലുലു വേഗത പകരുന്നത്.
പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയറിന് കീഴിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തതോടെയുള്ള ജെ2 പദ്ധതിയുടെ ഭാഗമാണ് ജാബിർ മാൾ. 19,600 ചതുരശ്രയടിയിലുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഷോപ്പിങ് സുഗമാമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിങ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ലുലു സി.ഇ.ഒ സൈഫി രൂപാവാല; ലുലു എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു ഇന്റർനാഷനൽ ഹോൾഡിങ്സിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് റാം, ലുലു കുവൈത്ത് ഡയറക്ടർ കെ.എസ്. ശ്രീജിത്ത്, റീജനൽ ഡയറക്ടർ സക്കീർ ഹുസൈൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കുവൈത്ത് മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഉറപ്പാക്കുന്നത്.
നാട്ടിൽനിന്ന് കുവൈത്തിലേക്ക് പ്രത്യേക ചാർട്ടേഡ് വിമാനത്തിലടക്കം ഓണസദ്യക്കുള്ള വിഭവങ്ങൾ എത്തിക്കുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. മിതമായ നിരക്കിൽ ഓണ വിഭവങ്ങളുടെ സുഗമമായ ലഭ്യതയാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടന ശേഷം അതിഥികൾ സ്റ്റാളുകൾ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.